മുംബൈ: മുഖ്യമന്ത്രിപദം രാജിവെച്ച ശേഷവും താന്‍ വിളിച്ചിട്ട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. നേരിട്ടുചെന്നു കാണാന്‍ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നിട്ടിരിക്കുമ്പോള്‍ സേന എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതു ശരിയായ നിലപാടല്ല എന്നാണ് എനിക്കു തോന്നുന്നത്.’- മുഖ്യമന്ത്രിപദം രാജിവെച്ച ശേഷം ഫഡ്‌നാവിസ് മാധ്യമങ്ങളോടു പറഞ്ഞു.
ഫഡ്‌നാവിസിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ആവശ്യപ്പെട്ടിട്ടുണ്ട്.
താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ല. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവും ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സേന ഞങ്ങളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. പക്ഷേ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുമായി ദിവസവും കൂടിക്കാഴ്ചകള്‍ നടക്കുന്നു.’- ഫഡ്‌നാവിസ് പറഞ്ഞു.
‘ഞാന്‍ സേനയെ വിമര്‍ശിക്കുന്നില്ല. പക്ഷേ സേനയുമായി ബന്ധപ്പെട്ട ആളുകള്‍ ദിവസവും പ്രസ്താവനകള്‍ ഇറക്കുകയാണ്. അതിനോടു പ്രതികരിക്കുന്നില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചതാണ്. ഞങ്ങള്‍ക്ക് അതേ മാര്‍ഗത്തില്‍ പ്രതികരിക്കാവുന്നതാണ്, പക്ഷേ അതു ചെയ്യുന്നില്ല.
ഞങ്ങളോടൊപ്പം ഇവിടെയും കേന്ദ്രത്തിലും അധികാരത്തിലിരുന്ന ശേഷം പ്രധാനമന്ത്രി അടക്കമുള്ള ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് അവര്‍. അതു തെറ്റാണ്. കോണ്‍ഗ്രസും പ്രതിപക്ഷവും പോലും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.’- ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ബി.ജെ.പിയുടെ വാദത്തെ പരിഹസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസമായിട്ടും ബി.ജെ.പി അനുനയത്തിന് തയ്യാറാവാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെ പ്രതികരണം. ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന ബി.ജെ.പിയുടെ അവകാശവാദം അവര്‍ തെളിയിക്കട്ടെ എന്നും റാവത്ത് പറഞ്ഞു.
‘ഏറ്റവും വലിയ ഒറ്റകക്ഷിയായ ഒരു പാര്‍ട്ടിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അതാണ് ബി.ജെ.പി. അവര്‍ 15 ദിവസമല്ല, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു മാസം സമയമെടുത്തോട്ടെ’, സഞ്ജയ് റാവത്ത് പരിഹസിച്ചു.
‘ഗവര്‍ണര്‍ ആ വലിയ ഒറ്റകക്ഷിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും അവരുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുമാണെങ്കില്‍ അവര്‍ക്ക് അവരുടെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കാനാവും.
അല്ലാത്തപക്ഷം, മറ്റാര്‍ക്കുവേണമെങ്കിലും സര്‍ക്കാരുണ്ടാക്കാം. ശിവസേനയ്ക്കുപോലും. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ആദ്യം അവസരം ലഭിച്ചെന്ന് ഉറപ്പുവരുത്തണം’, ബദല്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റാവത്തിന്റെ മറുപടി ഇങ്ങനെ.
50:50 ഫോര്‍മുലക്കപ്പുറം മറ്റൊരു ചര്‍ച്ചയ്ക്കും ശിവസേനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഒക്ടോബര്‍ 24ന് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയതാണ്. തെരഞ്ഞെടുപ്പിന് മുമ്പേ 50:50 കരാറില്‍ എത്തിയിരുന്നതുമാണ്. പിന്നെ എങ്ങനെയാണ് പുതിയ ആലോചനകള്‍ വരുന്നതെന്നാണ് ചോദ്യം”.
”വളരെ പെട്ടന്ന് ബി.ജെ.പി പറയുകയാണ് അവര്‍ 50:50 ഫോല്‍മുലയുമായി മുന്നോട്ടുപോകാനില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും. മുഖ്യമന്ത്രിക്കസേരയിലിരുന്ന ഒരു ബി.ജെ.പി നേതാവ് തന്നെ അങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് അതെങ്ങനെ അംഗീകരിക്കാനാവും?, റാവത്ത് ചോദിക്കുന്നു.