| Thursday, 1st November 2018, 8:32 pm

ബി.ജെ.പിയുടെ പ്രകടനം അധികാരത്തിനുവേണ്ടി, ഇനി വിശ്വസിക്കില്ല: ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരന്തരം കള്ളം പ്രചരിപ്പിക്കുന്ന ബി.ജെ.പിയെ രാമക്ഷേത്ര നിര്‍മാണത്തില്‍ ഇനി വിശ്വസിക്കാനാകില്ലെന്ന് ശിവസേന. രാമക്ഷേത്ര നിര്‍മാണത്തിനെന്ന പേരിലുള്ള ബി.ജെ.പിയുടെ പ്രകടനം അധികാരത്തിനുവേണ്ടിയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറഞ്ഞു.

ഈമാസം 25ന് അയോധ്യ സന്ദര്‍ശിക്കുന്നത് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. “മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്ത് നാലുവര്‍ഷം തികച്ച ദേവേന്ദ്രഫഡ്‌നാവിസിനെ അഭിനന്ദിക്കുന്നു”, എന്നാല്‍ ആ മുഖ്യമന്ത്രിസ്ഥാനത്തിന് ശിവസേനയ്ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റായ്ഗഡില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഉദ്ദവിന്റെ പരാമര്‍ശം.


അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബി.ജെ.പി എം.പി. രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവസേനയുടെ നിലപാട്. രാജ്യസഭാംഗം രാകേഷ് സിന്‍ഹയാണ് ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

അയോധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്ന തിയ്യതി ജനുവരി ആദ്യം വാരം തീരുമാനിക്കുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ രാമക്ഷേത്ര നിര്‍മാണത്തിന് നിയമനിര്‍മാണം ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് ചിന്തകന്‍ കൂടിയായ രാജ്യസഭാംഗം രാകേഷ് സിന്‍ഹയുടെ നീക്കം.


ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. അതേസമയം, രാമനും അല്ലാഹുവും അല്ല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതെന്നും 2019ല്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more