|

ബി.ജെ.പിയുടേത് ഗോമൂത്രധാരി ഹിന്ദുത്വ; അവര്‍ കുറച്ച് ഗോമൂത്രം കുടിക്കണം; രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാടിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോണ്‍ഗ്രസ്, എന്‍.സി.പി, ഉദ്ധവ് താക്കറെ പക്ഷ ശിവസേന എന്നീ പാര്‍ട്ടികള്‍ ചേരുന്ന പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാടിയില്‍ രൂക്ഷമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് നാഗ്പൂരില്‍ സമ്മേളനം നടന്നത്.

താന്‍ കോണ്‍ഗ്രസിനോടൊപ്പം സഖ്യത്തിലേര്‍പ്പെട്ടതിനെ നിരന്തരം വിമര്‍ശിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ശിവസേനയെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വ എന്നത് ദേശീയതയുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കുക എന്ന ലക്ഷ്യമാണതിനുള്ളതെന്നും ഉദ്ധവ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘എനിക്കെതിരെ എപ്പോഴും ഉയരുന്ന വിമര്‍ശനമാണ് ഞാന്‍ കോണ്‍ഗ്രസിനൊപ്പം പോയിയെന്നും ഹിന്ദുത്വയെ ഉപേക്ഷിച്ചു എന്നും. കോണ്‍ഗ്രസില്‍ എന്താ, ഹിന്ദുക്കളില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഗോമൂത്രധാരി ഹിന്ദുത്വയാണ്,’ ഉദ്ധവ് പറഞ്ഞു.

‘ഞങ്ങളുടെ പൊതുപരിപാടി നടന്ന സാംബാജി നഗറില്‍ അവര്‍ ഗോമൂത്രം തളിച്ചിരുന്നു. അവര്‍ കുറച്ച് ഗോമൂത്രം കുടിക്കണമായിരുന്നു, അവര്‍ ബുദ്ധിയുള്ളവരാകട്ടെ. ഞങ്ങളുടെ ഹിന്ദുത്വം ദേശീയതയുമായി ബന്ധപ്പെട്ടതാണ്,’ ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടുത്തിടെ നടത്തിയ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തെയും താക്കറെ വിമര്‍ശിച്ചു. സംസ്ഥാനത്ത് മഴക്കെടുതി കാരണം കര്‍ഷകര്‍ രൂക്ഷമായ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി ക്ഷേത്രദര്‍ശനം നടത്തുകയാണെന്ന വിമര്‍ശനമാണ് ഷിന്‍ഡെക്കെതിരെ ഉദ്ധവ് ഉന്നയിച്ചത്.

ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തെ കൊന്നു കൊണ്ടിരിക്കുകയാേെണന്നും അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അടുപ്പക്കാരെ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും താക്കറെ ആരോപിച്ചു. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും താക്കറെ പറഞ്ഞു.

‘മോദി ഗവണ്‍മെന്റിന്റെ ചെയ്തികളെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി, പല,പല വിഷയങ്ങളില്‍ മോദിക്കെതിരെ ആക്ഷേപങ്ങളുന്നയിച്ച അരവിന്ദ് കെജ്‌രിവാള്‍ എപ്പോള്‍ വേണമെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമെന്ന ഭീഷണി നേരിടുകയാണ്,’ താക്കറെ പറഞ്ഞു.

Content Highlights: Uddhav Thackeray criticise RSS at MVA rally