മുംബൈ: ഇന്ധനവില നൂറു കടന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ക്രിക്കറ്റ് താരങ്ങള്‍ സെഞ്ച്വറി അടിക്കുന്നത് കണ്ട നമ്മള്‍ ഇപ്പോള്‍ പെട്രോളും ഡീസലും സെഞ്ച്വറി കടക്കുന്നതാണ് കാണുന്നതെന്നാണ് ഉദ്ദവ് താക്കറെ പറഞ്ഞത്.
‘പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടിയിരിക്കുകയാണ്. നമ്മള്‍ വീരാട് കോഹ്‌ലിയുടെയും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയുമൊക്കെ സെഞ്ച്വറികള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ കാണുന്നത് പെട്രോളും ഡീസലും സെഞ്ച്വറിയടിക്കുന്നതാണ്,’ ഉദ്ദവ് താക്കറെ പറഞ്ഞു.
ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പെട്രോളിന് നൂറ് രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില താഴ്ന്ന് നില്‍ക്കുന്ന സമയത്താണ് രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്.
ഇന്ധന വിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
മുംബൈയില്‍ ഞായറാഴ്ച പെട്രോളിന്റെ വിലവര്‍ധിച്ച് 97.57 രൂപയായി. ഡീസലിന് 88 രൂപ 60 പൈസയുമാണ് വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.
ഉയരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുന്നത് സംബന്ധിച്ചും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക