| Wednesday, 21st August 2019, 2:05 pm

ഐ.എല്‍ ആന്റ് എഫ്.എസ് കേസ്:രാജ് താക്കറെക്ക് പിന്തുണയുമായി സഹോദരനും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണത്തിനെതിരെ സഹോദരനും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. രാജ് താക്കറെക്കെതിരെയുള്ള അന്വേഷണം വെറുതെ ആണെന്നും അതിന് യാതൊരു ഫലവുമുണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നെങ്കിലും ഇപ്പോള്‍ രാജ് താക്കറെക്ക് ശക്തമായ പിന്തുണയറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉദ്ധവ് താക്കറെ.

കോഹിനൂര്‍ സി.ടി.എന്‍.എല്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 860 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് രാജ് താക്കറെയോട് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ഇ.ഡി ആവശ്യപ്പെട്ടത്.

കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ മനോഹര്‍ ജോഷിയുടെ മകന്‍ ഉമേഷ് ജോഷിയെയും വിളിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്ദേഹത്തെ തിങ്കളാഴ്ച മുംബൈയിലെ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കിയതായും അധികൃതര്‍ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) ഉന്‍മേഷ് ജോഷിയുടെ പ്രസ്താവന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (ഐ.എല്‍ ആന്റ് എഫ്.എസ്) 13,200 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ രേഖകളില്‍ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് വ്യത്യസ്ത ഇടപാടുകളിലായി ഇത്രയും കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

നേരിട്ടുള്ള 24 സ്ഥാപനങ്ങളും അല്ലാതെയുള്ള 135 അനുബന്ധ സ്ഥാപനങ്ങളും ആറ് സംയുക്ത സംരംഭങ്ങളുമുള്ള സ്വകാര്യസ്ഥാപനമായിരുന്നു ഐ.എല്‍ ആന്റ് എഫ്.എസ്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകരടക്കം ഓഹരി പങ്കാളികളായ സ്ഥാപനം 94,000 കോടി രൂപ നഷ്ടത്തിലിരിക്കേ 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more