| Monday, 12th July 2021, 6:42 pm

ഉദ്ദവും അജിത് പവാറും തന്റെ യാത്രകള്‍ ട്രാക്ക് ചെയ്യുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെതിരെ വീണ്ടും സഖ്യകക്ഷിയായ കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആഭ്യന്തരമന്ത്രി അജിത് പവാറും തന്റെ യാത്രകള്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

ലോനവാലയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് എന്നും രാവിലെ 9 മണിയാകുമ്പോള്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയും റിപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ഞാനിപ്പോള്‍ ലോനവാലയിലാണ് എന്ന റിപ്പോര്‍ട്ട് അവര്‍ക്ക് കിട്ടിക്കാണും,’ പടോലെ പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പറഞ്ഞ് പടോലെ രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്. നേരത്തേയും മഹാ വികാസ് അഘാഡി സഖ്യത്തിനെതിരെ അതൃപ്തിയുമായി പടോലെ രംഗത്തെത്തിയിരുന്നു.

മഹാ വികാസ് അഘാഡി അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്നും ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Uddhav Thackeray, Ajit Pawar tracking my moves, says Congress leader Nana Patole

We use cookies to give you the best possible experience. Learn more