| Wednesday, 9th October 2019, 12:04 am

'സര്‍ക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവിടെ തൊഴിലില്ലായ്മയുണ്ട്, സാമ്പത്തിക മാന്ദ്യവും'; ബി.ജെ.പിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ; 'കുടിപ്പക രാഷ്ട്രീയം ശിവസേനയുടെ അജണ്ടയല്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കേന്ദ്രസര്‍ക്കാര്‍ നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും തൊഴില്‍, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

‘സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴില്‍ നഷ്ടമാകുന്നതും വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതും കൃത്യമായി കാണാം. ഇത് മനസിലാക്കാന്‍ തയ്യാറാവണം’, പാര്‍ട്ടി മുഖപത്രമായ സാമ്നക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.

സാമ്‌നയുടെ എഡിറ്റര്‍ സഞ്ജയ് റൗട്ടുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗത്ത് മുംബൈയിലെ ആരേയ് കോളനിയില്‍ മരം മുറിച്ച സംഭവത്തിലും അവിടെ കാര്‍ ഷെഡ് തുടങ്ങാനുള്ള തീരുമാനത്തിലുമുള്ള എതിര്‍പ്പും താക്കറെ പ്രകടിപ്പിച്ചു. മഹാരാഷ്ട്ര പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തിയ നിസഹകരണവും താക്കറെ വിശദീകരിച്ചു.

ബി.ജെ.പി പുലര്‍ത്തുന്ന കുടിപ്പക രാഷ്ട്രീയം വച്ചുപൊറുപ്പിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഉപയോഗിച്ച് കേസുടുക്കുന്ന പ്രവണതയെയും താക്കറെ വിമര്‍ശിച്ചു.

കുടിപ്പക കൊണ്ടുനടക്കുന്നതാണ് സര്‍ക്കാര്‍ ഇനിയും തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അധികാരവും അവകാശവും ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും പ്രതികാര രാഷ്ട്രീയം കൊണ്ടുനടക്കരുതെന്നുമാണ് തന്റെ പാര്‍ട്ടിയുടെ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more