| Monday, 27th June 2022, 2:13 pm

വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടന്‍ തന്നെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.

ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനയ്ക്കുള്ളത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരുമുള്‍പ്പെടെ നാല് സഹമന്ത്രിമാരുമുണ്ടായിരുന്നു.

മഹാവികാസ് അഘാഡി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിലെത്തി ഏക് നാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ഏക് നാഥ് ഷിന്‍ഡെ ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചര്‍ച്ചയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ ഏക് നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി നേതാവുമായി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയത്.

Content Highlight: Uddhav thackarey take away the charges given to rebel ministers

We use cookies to give you the best possible experience. Learn more