| Monday, 24th October 2022, 11:18 am

എന്നെ ചതിച്ചതോ പോട്ടെ, ഇനി അവരെ കൂടി ചതിക്കരുത്; ഷിന്‍ഡെയുടേത് 'ഉത്സവപ്രിയ' സര്‍ക്കാര്‍: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷിന്‍ഡെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്‌നങ്ങളെക്കാള്‍ പ്രധാന്യം ഉത്സവങ്ങളോടെന്ന് ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഉത്സവങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണെന്നും എന്നാല്‍ ജനങ്ങളേക്കാള്‍ മുന്‍തൂക്കം അവയ്ക്ക് നല്‍കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്സവങ്ങള്‍ പ്രധാന്യമുള്ള കാര്യം തന്നെയാണ്. നിലവിലെ സര്‍ക്കാര്‍ ഉത്സവ പ്രിയ സര്‍ക്കാരാണ്. അവര്‍ക്ക് ഉത്സവങ്ങളോടും ആഘോഷങ്ങളോടും മാത്രമാണ് പ്രിയം. അതൊക്കെ നല്ലതാണ്. എന്നുകരുതി സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അവഗണിക്കുന്നത് നല്ലതിനല്ല,’ താക്കറെ പറഞ്ഞു.

ശിവസേനയെ ഷിന്‍ഡെ ചതിച്ചതും തന്നെ ചതിച്ചതും ക്ഷമിക്കുന്നുവെന്നും ഇനി കര്‍ഷകരെ കൂടി ചതിക്കരുതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് ശേഷം ആദ്യമായി ഉദ്ധവ് താക്കറെ പങ്കെടുക്കുന്ന പൊതുയോഗമായിരുന്നു ഇത്.

‘എല്ലാം നല്‍കിയിട്ടും സ്വന്തം വീടു വിട്ട് ഇറങ്ങിപ്പോയവരാണ് അവര്‍. അവരില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ,’ താക്കറെ ചോദിക്കുന്നു.

ജന്മാഷ്ടമി ആഘോഷങ്ങളിലും നവരാത്രി ദര്‍ഗ ആഘോഷങ്ങളിലും മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സജീവ സാന്നിധ്യമായി എത്തിയതിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ വിമര്‍ശനം.

‘മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ലോക്ഡൗണ്‍ ഉണ്ടായി. പക്ഷേ കാര്‍ഷിക മേഖലക്ക് കൊവിഡോ ലോക്ഡൗണോ ബാധകമായിരുന്നില്ല. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ അവരാണ് മുന്നോട്ടു കൊണ്ടുപോയത്.

വരള്‍ച്ചയുണ്ട്. പക്ഷേ സര്‍ക്കാരിന് ദയയുടെ വരള്‍ച്ചയാണുള്ളത്. താത്ക്കാലിക ആശ്വാസമായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 50,000 രൂപ വെച്ച് നല്‍കണമെന്ന് ഷിന്‍ഡെ സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. കര്‍ഷകര്‍ പോരാടണം. നമുക്ക് ഒരുമിച്ച് നില്‍ക്കാം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്,’ താക്കറെ കൂട്ടിച്ചേര്‍ത്തു.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയില്‍ കൃഷിമേഖലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസമായപ്പോഴേക്കും നഷ്ടക്കണക്കുകള്‍ ഗണ്യമായി വര്‍ധിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോല പറഞ്ഞിരുന്നു. ഷിന്‍ഡെ-ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ഫോക്സ്‌കോണ്‍-വേദാന്ത പോലുള്ള വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്നും നാനാ പടോലെ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയില്‍ നടപ്പാക്കേണ്ട പദ്ധതിയാണ് പിന്നീട് തൊട്ടടുത്ത ഗുജറാത്തിലേക്ക് മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ഇതോടെ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണെന്നും പടോലെ പരാതിപ്പെട്ടു. അധികാരത്തിലെത്തി നൂറു ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഉത്സവ പന്തലുകളിലേക്ക് മാത്രം ഒതുങ്ങിപ്പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജൂണ്‍ 30 ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസും മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.

Content Highlight: Uddhav thackarey slams Shinde govt says they are Utsavpriy sarkkar and not meant for people

We use cookies to give you the best possible experience. Learn more