Advertisement
national news
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യത്തിന് ആപത്ത്; ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി പ്രഖ്യാപിച്ചതില്‍ ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 17, 05:17 pm
Friday, 17th February 2023, 10:47 pm

ന്യൂദല്‍ഹി: യഥാര്‍ത്ഥ ശിവസേനയായി ഷിന്‍ഡെ വിഭാഗത്തെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യത്തിന് ആപത്താണെന്നായിരുന്നു താക്കറെയുടെ പരാമര്‍ശം. ഷിന്‍ഡെയും സംഘവും തങ്ങളുടെ ചിഹ്നം തട്ടിയെടുത്തു. ജനങ്ങള്‍ക്ക് ഈ ചതി മനസിലാക്കാതിരിക്കില്ലെന്നും താക്കറെ പറഞ്ഞു.

‘അവര്‍ ശിവസേനയുടെ അമ്പും വില്ലും തട്ടിയെടുത്തു. പക്ഷേ ഒരു കാലത്ത് ജനങ്ങള്‍ ഈ ചതി തിരിച്ചറിയാതിരിക്കില്ല. രാജ്യത്ത് ജനാധിപത്യത്തിന്റെ അംശം ബാക്കിയില്ലെന്ന് ഇതോടെ വ്യക്തമായി. ഇന്ത്യയില്‍ സ്വേച്ഛാധിപത്യം ആരംഭിച്ചെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുക കൂടിയേ ആവശ്യമുള്ളൂ,’ ഉദ്ധവ് താക്കറെയെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും താക്കറെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വിമര്‍ശിച്ച് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് സഞ്ജയ് റാവത്തും ചൂണ്ടിക്കാട്ടി. തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും റാവത്ത് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗക്കാരനുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശിവസേന യഥാര്‍ത്ഥ കരങ്ങളിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനസിലാക്കി.

ശിവസേന പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന ബാലാസാഹെബ് താക്കറെയുടെ പാത പിന്‍പറ്റുകയാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചരിത്രപരമാണെന്ന് ബി.ജെ.പി നേതാവ് ചന്ദ്രശേഖര്‍ ഭവന്‍കുല്‍ പ്രതികരിച്ചു. ആര്‍ക്കാണ് കൂടുതല്‍ ജനപിന്തുണയെന്നതാണ് ജനാധിപത്യത്തെ നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഇതോടെ ഷിന്‍ഡെ വിഭാഗത്തിനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 76ശതമാനം വോട്ടും ലഭിച്ചത് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ക്കാണെന്നും 23.5 ശതമാനം മാത്രമാണ് താക്കറെ വിഭാഗം എം.എല്‍.എമാര്‍ക്ക് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കത്തുന്ന തീപ്പന്തമായിരിക്കും ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ചിഹ്നം. നേരത്തെ സംസ്ഥാനത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ്താക്കറെ വിഭാഗത്തിന് ഈ ചിഹ്നം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

ജൂണിലായിരുന്നു ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്, ഏക് നാഥ് ഷിന്‍ഡെയും 39 വിമതരും ശിവസേനയുടെ സഖ്യസര്‍ക്കാരായിരുന്ന മഹാവികാസ് അഘാഡിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യസര്‍ക്കാരായ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണത്.

ഇതിന് പിന്നാലെ ഷിന്‍ഡെയും വിമതരും ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ഏക് നാഥ് ഷിന്‍ഡെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയുമായിരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതയേറ്റിരുന്നു.

Content Highlight: Uddhav thackarey says decision of Election commission a threat to democracy