| Monday, 1st August 2022, 6:31 pm

'താഴത്തില്ലെടാ'; റാവത്തിനെ 'പുഷ്പ'യോടുപമിച്ച് ഉദ്ധവ് താക്കറെ, ബി.ജെ.പി ഹിറ്റ്ലറിന് തുല്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സഞ്ജയ് റാവത്താണ് ശരിയായ ശിവസൈനികനെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തെലുങ്ക് ചിത്രമായ പുഷ്പയിലെ ‘ജൂഖേക നഹി (കുമ്പിടുകയില്ല)’ എന്ന ഡയലോഗ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

‘പുഷ്പ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട്- ‘ജൂഖേക നഹി’. യഥാര്‍ത്ഥത്തില്‍ ശരിയായ ശിവസൈനികന്‍ സഞ്ജയ് റാവത്ത് ആണ്. അങ്ങനെ ആരുടെ മുമ്പിലും കുമ്പിടുകയില്ല എന്ന് പറഞ്ഞ പലരും ഇന്ന് മറുകണ്ടം ചാടിയിരിക്കുകയാണ്. അതല്ല ഒരിക്കലും ബാലാസാഹെബ് താക്കറെ കാണിച്ചു തന്ന പാത. റാവത്ത് ശരിയായ ശിവസൈനികന്‍ തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

സഞ്ജയ് റാവത്തിനെ കുറിച്ച് തനിക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജയ് റാവത്തിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹം എന്ത് കുറ്റമാണ് ചെയ്തിരിക്കുന്നത്? അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഒരു ശിവസൈനികനാണ്. ശരിയല്ലെന്ന് ബോധ്യമുള്ള കാര്യങ്ങളെ ഭയമില്ലാതെ വിമര്‍ശിക്കുന്ന വ്യക്തിയാണ്,’ താക്കറെ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സര്‍ക്കാരിനെയും താക്കറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും ഹിറ്റലറുമായി ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒരുവേളയില്‍ ഹിറ്റ്‌ലര്‍ ജയിക്കുന്നതായി തോന്നിമെന്നും ഒരു കാര്‍ട്ടൂണിസ്റ്റ് ആണ് ഹിറ്റ്‌ലറിന്റെ ക്രൂരതകള്‍ നിരന്തരം തുറന്നുകാട്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്‍ട്ടൂണിസ്റ്റ് മരിച്ച് കാണണമെന്നായിരുന്നു ഹിറ്റ്‌ലറുടെ ആഗ്രഹം. ഹിറ്റ്‌ലറുടെ ഈ കഥ തനിക്ക് പറഞ്ഞു തന്നത് ഹിന്ദു ഹൃദയത്തിന്റെ സാമ്രാട്ടായ തന്റെ അച്ഛനാണെന്നും താക്കറെ പറയുന്നു.

ഇ.ഡിയേയും സി.ബി.ഐയേയും ഒക്കെ കൈക്കലാക്കിവെച്ചിട്ട് എന്ത് ജനാധിപത്യമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്നും താക്കറെ ചോദിച്ചു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നാല് ദിവസം റാവത്തിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസിലാണ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി.

ജൂലൈ 20നും 27നും ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതുകഴിഞ്ഞ് മാത്രമെ ഹാജരാകാന്‍ കഴിയൂവെന്ന് റാവത്ത് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഇ.ഡി എത്തിയത്. ജൂലൈ ഒന്നിന് ഇ.ഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

സുഹൃത്തുക്കളായിരുന്ന പ്രവീണ്‍ റാവത്ത്, സുജിത് പട്കര്‍ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍.

നേരത്തെ സഞ്ജയ് റാവത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

Content Highlight: Uddhav thackarey reacts to Sanjay rawat’s arrest, asks how bjp  ensure democracy when they hold central agencies

We use cookies to give you the best possible experience. Learn more