ബി.ജെ.പി കള്ളന്മാരാണ്; ആദ്യമവര്‍ പട്ടേലിനെയും ഇന്ന് ബാലസാഹബിനെയും മോഷ്ടിച്ചു: ഉദ്ധവ് താക്കറെ
national news
ബി.ജെ.പി കള്ളന്മാരാണ്; ആദ്യമവര്‍ പട്ടേലിനെയും ഇന്ന് ബാലസാഹബിനെയും മോഷ്ടിച്ചു: ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2023, 9:12 am

മുംബൈ: ബി.ജെ.പി രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ദേശീയ പാര്‍ട്ടിയാണെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പണ്ട് ബി.ജെ.പിയില്‍ ശരിയായ ഹിന്ദുക്കള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അവസരവാദികള്‍ മാത്രമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രത്നാഗിരിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി പണ്ട് ഗുജറാത്തില്‍ നിന്ന് സര്‍ദാര്‍ വല്ലഭായ് പാട്ടേലിനെ മോഷ്ടിച്ചു. ഇന്ന് തന്റെ പിതാവും ശിവസേന നേതാവുമായ ബാലസാഹെബ് താക്കറെയെ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ബാലസാഹെബ് താക്കറെയുടെയോ ശിവസേനയുടെയോ പേര് ഉപയോഗിക്കാതെ ബി.ജെ.പിയോട് മോദിയുടെ പേരില്‍ വോട്ട് ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘പണ്ട് അവര്‍ ഗുജറാത്തില്‍ നിന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ മോഷ്ടിച്ചു. പിന്നീട് അവര്‍ പശ്ചിമ ബംഗാളില്‍ നിന്നും സുഭാഷ് ചന്ദ്ര ബോസിന്റെ പേര് മോഷ്ടിച്ചു. ഇപ്പോള്‍ ശിവസേനയുടെയും എന്റെ അച്ഛന്റെ പേരും മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

ഇവര്‍ക്ക് മുന്നോട്ട് വെക്കാന്‍ സ്വന്തമായി ധീരനായ ഒരു നേതാവ് ഇല്ലാത്തതാണ് ഇത്തരം മോഷണങ്ങള്‍ക്ക് പിന്നില്‍.

ഗുജറാത്തില്‍ ഒരു കാലത്ത് ആര്‍.എസ്.എസിനെ നിരോധിച്ച നേതാവായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. എങ്കിലും ഗുജറാത്തില്‍ ഇപ്പോഴും അദ്ദേഹത്തിന് ലഭിക്കുന്ന പരിഗണനയും ബഹുമാനവുമുണ്ട്. ഇത് തന്നെയാണ് ബി.ജെ.പി മുതലെടുക്കുന്നതും. അതുകൊണ്ടാണ് ബി.ജെ.പി പട്ടേലിനെ മോഷ്ടിച്ചതും.

മഹാരാഷ്ട്രയില്‍ അവര്‍ ബാലസാഹെബ് താക്കറെയെ മോഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെയോ ബാലസാഹെബ് താക്കറെയുടെയോ പേര് ഉപയോഗിക്കാതെ ബി.ജെ.പിക്ക് വോട്ട് ചോദിക്കാനാകുമോ? ഞാന്‍ വെല്ലുവിളിക്കുകയാണ്, നിങ്ങള്‍ മോദിയുടെ പേരില്‍ സംസ്ഥാനത്ത് വോട്ട് ചോദിക്കൂ, ‘ ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പിയില്‍ ഇന്നുള്ളത് ശരിയായ ഹിന്ദുക്കള്‍ അല്ല മറിച്ച് അവസരവാദികള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍റഡ് സാങ്മയുമായി ചേരാനുള്ള ബി.ജെ.പിയുടെ തീരുമാനത്തേയും താക്കറെ വിമര്‍ശിച്ചു.

‘തെരഞ്ഞെടുപ്പിന് മുന്‍പ് സാങ്മയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ബി.ജെ.പി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഫലം വന്നതോടെ ഇതെല്ലാം മാറി.

തെരഞ്ഞെടുപ്പിന് മുന്‍പ് സാങ്മയെ അഴിമതിക്കാരന്‍ എന്നാണ് ബി.ജെ.പിയും കേന്ദ്ര മന്ത്രി അമിത് ഷായും എല്ലാം വിശേഷിപ്പിച്ചത്. എന്നാല്‍ ഫലം വന്നതോടെ അവര്‍ക്ക് എല്ലാം മാറ്റിപറയേണ്ടി വന്നു. ഇപ്പോള്‍ അധികാരത്തിനു വേണ്ടി ബി.ജെ.പി സാങ്മയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പിറകെ നടക്കുകയാണ്.

ഒരിക്കല്‍ പൂനെയില്‍ വച്ച് അമിത് ഷാ പറഞ്ഞിരുന്നു അധികാരത്തിന് വേണ്ടി ഞാന്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ചെരുപ്പ് നക്കുകയാണെന്ന്. ഷായും പാര്‍ട്ടിയും ഇന്ന് പിന്നെ എന്താണ് ചെയ്യുന്നത്?,’ താക്കറെ പറഞ്ഞു.

ശിവസേനയുടെ പേരും ചിഹ്നവും ബി.ജെ.പി കട്ടെടുത്തതാണെന്നും അമ്പും വില്ലിനും വേണ്ടി വോട്ട് ചോദിച്ചെത്തുന്നവര്‍ കള്ളന്മാരാണെന്ന് ജനങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Content Highlight: Uddhav thackare says bjp is corrupt