national news
ഇന്ത്യാ സഖ്യത്തെ ഒഴിവാക്കിയേക്കും; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുള്ള നീക്കവുമായി ഉദ്ധവ് താക്കറെയുടെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 14, 04:43 pm
Friday, 14th June 2024, 10:13 pm

മുംബൈ: ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേന വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ശിവേസേന വൃത്തങ്ങള്‍ സൂചന നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശിവസേന തുടങ്ങിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ 12ന് നടന്ന പാര്‍ട്ടിയുടെ യോഗത്തില്‍ ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി യോഗത്തില്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കായി വിട്ടുവീഴ്ച്ച നടത്താൻ ശിവസേനയും കോണ്‍ഗ്രസും തീരുമാനിച്ചിരുന്നു. എൻ.സി.പി.ക്ക് വേണ്ടി സീറ്റുകൾ വിട്ട് നൽകാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ അറിയിച്ചു.

മുംബൈ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, മുംബൈ ടീച്ചേഴ്സ് മണ്ഡലം, നാസിക് ടീച്ചേഴ്സ് മണ്ഡലം എന്നിവയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 26ന് നടക്കും, ജൂലൈ ഒന്നിന് ഫലം പ്രഖ്യാപിക്കും.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റ് മറ്റു ഘടകക്ഷികളെ സംബന്ധിച്ച് കുറവാണ്. 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം പത്ത് സീറ്റില്‍ മത്സരിച്ച എന്‍.സി.പി എട്ട് സീറ്റ് വീതവുമാണ് നേടിയത്. എന്നാല്‍ 21 സീറ്റില്‍ മത്സരിച്ച യു.ബി.ടി ഒമ്പത് മണ്ഡലങ്ങളില്‍ മാത്രമേ വിജയം കണ്ടുള്ളു. സീറ്റുകളിലുള്ള ഈ വ്യത്യാസവും പാര്‍ട്ടി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Uddhav Sena may go solo in Maharashtra polls: Sources