മുംബൈ: യഥാര്‍ത്ഥ ശിവസേന പട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയതിന് പിന്നാലെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനക്ക് ട്വിറ്റര്‍ വെരിഫിക്കേഷന്‍ മാര്‍ക്കും നഷ്ടമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പിന്നാലെ ട്വിറ്ററിലെ പേര് @shivsena എന്നത് @shivsenaUBT എന്നാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടമായത്.
നിലവില്‍ ശിവസേനയക്ക് ട്വിറ്ററില്‍ വെരിഫൈഡ് പേജില്ല. ഫേസ്ബുക്കില്‍ താക്കറെ വിഭാഗം ശിവസേന ഇപ്പോഴും ‘ശിവസേന’ എന്ന പേരിലുള്ള പ്രൊഫൈല്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാണ്.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ജനാധിപത്യത്തിന്റെ അംശം അവശേഷിക്കുന്നില്ലെന്നും ഉത്തരവ് ജനാധിപത്യത്തിന് ആപത്താണെന്നും താക്കറെ ചൂണ്ടിക്കാട്ടി.
അതേസമയം ശിവസേനയുടെ പേര് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയതിന് പിന്നില്‍ 2000കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
നേരിന്റെ മാര്‍ഗത്തിലല്ല ഷിന്‍ഡെ വിഭാഗത്തിന് യഥാര്‍ത്ഥ ശിവസേന പട്ടം ലഭിച്ചത്. മറിച്ച് കച്ചവടത്തിലൂടെയാണ്. എം.എല്‍.എയേയും, എം.പിയേയും, സാധാരണ പ്രവര്‍ത്തകനേയും വരെ കോടികള്‍ കൊടുത്ത് വാങ്ങാന്‍ മടിയില്ലാത്ത പാര്‍ട്ടി ശിവസേനയുടെ പേര് വാങ്ങാന്‍ എത്ര കോടി ചിലവാക്കിയിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതാണെന്നും റാവത്ത് പറഞ്ഞു.