'ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിലിരിക്കും'; മഹാരാഷ്ട്രയില്‍ ശിവസേന തന്നെ അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ
national news
'ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിലിരിക്കും'; മഹാരാഷ്ട്രയില്‍ ശിവസേന തന്നെ അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 6:19 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മലാദിലെ റിസോട്ടിലെത്തി സേനാ എം.എല്‍.എമാരെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാരാഷ്ട്രയില്‍ ബാക്കിയുള്ളവര്‍ കാലങ്ങളായി ഭരിക്കുന്നു. ഇനി ആ പല്ലക്ക് ശിവസേനക്കുള്ളതാണ്. ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിനകത്തിരിക്കും.”, ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതാണ് ബി.ജെ.പിക്കു തലവേദന. ശിവസേന ഒപ്പമുണ്ടായാല്‍ അതു സാധ്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവരുടെ കടുംപിടിത്തം തര്‍ക്കങ്ങള്‍ അവസാനിക്കില്ലെന്ന സൂചനയാണു നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനെക്കൂടാതെ എന്‍.സി.പിയും സേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഏറെക്കുറേ നില്‍ക്കുന്നത്. 23 എം.എല്‍.എമാരുടെ പിന്തുണയാണ് ഇനി ബി.ജെ.പിക്കു വേണ്ടത്. സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ.