മുംബൈ: രാമക്ഷേത്രത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമർശം.
‘ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ അവരുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ്. രാമന്റെ പേരിൽ അത്രമാത്രം രാഷ്ട്രീയം കളിക്കുന്നുണ്ട്,’ സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പരിപാടിയാണെന്നും ദേശീയ പരിപാടി അല്ലെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു.
ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതിഷ്ഠാ ചടങ്ങിന് പോകുമോ എന്ന ചോദ്യത്തിന് താക്കറെ തീർച്ചയായും പോകുമെന്നും എന്നാൽ അത് ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, ചടങ്ങിന് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കുമാണ് ക്ഷണം ലഭിച്ചത്.
രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തരുതെന്ന് നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. നേതാക്കളുടെ പരസ്യപ്രതികരണങ്ങളിൽ അതൃപ്തിയുള്ള ഹൈക്കമാൻഡ് ബി.ജെ.പിയുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി.
Content Highlight: Uddhav camp taunts BJP over Ayodhya buzz, says may declare Lord Ram as poll candidate