| Tuesday, 22nd October 2024, 1:33 pm

സനാതന ധര്‍മം; കലൈഞ്ജറിന്റെ ചെറുമകനാണ് ഞാന്‍, മാപ്പ് പറയില്ല: ഉദയനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സനാതന ധര്‍മം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

പെരിയാര്‍, മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് താനെന്നും കോടതി പറഞ്ഞാല്‍ പോലും താന്‍ മാപ്പ് പറയില്ലെന്നും ഉദയനിധി പറഞ്ഞു.

‘ഒരുകാലത്ത് സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാരും മരിക്കേണ്ടി വരും. ഇതിനെതിരെയാണ് തന്തൈ പെരിയാര്‍ സംസാരിച്ചത്. പെരിയാറും അണ്ണായും കലൈഞ്ജറും ചൂണ്ടിക്കാട്ടിയത് എന്താണോ അവയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്,’ എന്നാണ് ഉദയനിധി പറഞ്ഞത്.

സനാതന ധര്‍മത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശം ചിലര്‍ വളച്ചൊടിച്ചുവെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സനാതന ധര്‍മം മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമാണെന്നും ഈ രോഗങ്ങളെ എങ്ങനെ തടഞ്ഞുവോ അതുപോലെ സനാതന ധര്‍മത്തെയും ഇല്ലാതാക്കണമെന്നാണ് ഉദയനിധി 2023ല്‍ പറഞ്ഞത്.

എന്നാല്‍ പരാമര്‍ശത്തില്‍ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉദയനിധിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. പരാമര്‍ശം തിരുത്തി ഉദയനിധി മാപ്പ് പറയണമെന്ന് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നാണ് ഉദയനിധി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദിവത്ക്കരണത്തിനെതിരെയും ഉദയനിധി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ ദൂരദര്‍ശനില്‍ നടന്ന പരിപാടിക്കിടെ സംസ്ഥാന ഗാനത്തിലെ വരികള്‍ വിട്ടുപോയത് ഇതിന്റെ ഭാഗമാണെന്നും ഉദയനിധി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന്റെ ഹിന്ദിവത്ക്കരണത്തിനെതിരെ പ്രതികരിച്ചിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അധിഷ്ഠിതമായ പരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണമെന്നായിരുന്നു സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്നും ഉദയനിധി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

Content Highlight: Udayanidhi Stalin will not apologize for his remarks about Sanatana Dharma

We use cookies to give you the best possible experience. Learn more