ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലേക്കും. നിയമം കീറിയെറിഞ്ഞുകൊണ്ടായിരുന്നു സെയ്താപേട്ടില്‍ ഡി.എം.കെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം നടന്നത്. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെ പ്രതിഷേധിച്ചത്. ഇതിനിടെയാണ് ഉദയിനിധി സ്റ്റാലിന്‍ നിയമം കീറിയെറിഞ്ഞത്.
സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 17-നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിലും പഞ്ചാബിലും ബംഗാളിലും നിയമം നടപ്പിലാവില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അമരീന്ദര്‍ സിങ്, മമതാ ബാനര്‍ജി എന്നിവര്‍ രംഗത്തെത്തിയിരുന്നു.
നിയമത്തിനെതിരെ ഇപ്പോഴും അസമില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ പ്രതിഷേധം ഭയന്ന് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച വൈകീട്ട് 7 മണി മുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.