| Friday, 20th May 2022, 4:52 pm

ജോജിയും ട്രാന്‍സും കണ്ട് ഫഹദിന്റെ ഫാനായി, ഒപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണ്: പുതിയ ചിത്രത്തെ പറ്റി ഉദയനിധി സ്റ്റാലിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമായ ‘മാമന്നന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് മാമന്നന്‍ നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും പറയുകയാണ് ഉദയനിധി സ്റ്റാലിന്‍. സിനിമാ വികടന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”മാമന്നന്‍ സിനിമയില്‍ എന്റെയും ഫഹദിന്റെയും കോമ്പിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിട്ടില്ല. എന്റെയും കീര്‍ത്തി സുരേഷിന്റെയും ഷോട്ടുകളാണ് ഇപ്പോള്‍ എടുക്കുന്നത്. വടിവേലു സാറും ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. ഈ അടുത്ത് ഞാന്‍ ഫഹദിനെ കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ‘നിമിര്‍’ (മഹേഷിന്റെ പ്രതികാരം സിനിമയുടെ റീമേക്ക്) എന്ന എന്റെ സിനിമയെ പറ്റിയാണ് സംസാരിച്ചത്. അദ്ദേഹം സന്തോഷത്തോടെ അതെല്ലാം കേട്ടിരുന്നു. നന്നായി ചെയ്തിട്ടുണ്ട് എന്നും ഫഹദ് പറഞ്ഞു,” ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

”ഫഹദിന്റെ കൂടെ ഞാന്‍ അഭിനയിക്കണം എന്നത് വലിയ ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. സംവിധായകന്‍ മാരി സെല്‍വരാജ് സാര്‍ എന്റെ 50 ടേക്ക് മിനിമം ഇപ്പോള്‍ എടുക്കുന്നുണ്ട്. വണ്‍ മോര്‍ എന്ന് സാറ് ചോദിച്ച് കൊണ്ടിരിക്കും. ഞാനും കീര്‍ത്തി സുരേഷും അഭിനയിക്കുമ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ ഫഹദിന്റെ കൂടെ എങ്ങനെയായിരുക്കും.

അദ്ദേഹത്തിന്റെ ഒപ്പം എന്റെ അഭിനയവും എത്തണമല്ലോ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. ആ ഒരു കാത്തിരിപ്പിലാണ് ഞാന്‍. ഫഹദിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. ട്രാന്‍സ്, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്,” ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉദയനിധി സ്റ്റാലിന്‍ നായകനായ ‘നെഞ്ചുക്കു നീതി’ എന്ന പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്തത്. ബോണി കപൂറാണ് നിര്‍മാതാവ്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന അഭിനയിച്ച 2019 ലെ ഹിന്ദി ചിത്രമായ ആര്‍ട്ടിക്കിള്‍ 15 ന്റെ റീമേക്കാണ് നെഞ്ചുക്കു നീതി. മെയ് 20നാണ് സിനിമ റിലീസ് ചെയ്തത്.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘വിക്രം’ ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്. എ.ആര്‍. റഹ്മാനാണ് മലയന്‍കുഞ്ഞിന്റെ സംഗീത സംവിധാനം ചെയ്യുന്നത്.

Content Highlight: Udayanidhi Stalin says acting with Fahad Fazil is very challenging 

We use cookies to give you the best possible experience. Learn more