ചെന്നൈ: ജെ.എന്‍.യുവില്‍ നടന്ന എ.ബി.വി.പിയുടെ ആക്രമണം ബഹുസ്വര ജനാധിപത്യത്തിന് മേലുള്ള കയ്യേറ്റമാണെന്ന് തമിഴ്‌നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ജെ.എന്‍.യുവിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ തമിഴ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെ അപലപിക്കുന്നു. എ.ബി.വി.പിയുടെ പ്രവര്‍ത്തി രാജ്യത്തെ ബഹുസ്വര ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പപങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.
‘ തമിഴ്‌നാട്ടില്‍ നിന്നുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെ അപലപിക്കുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജിലെ കാള്‍ മാര്‍ക്‌സ്, പെരിയാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ തകര്‍ത്തതിനെ കുറിച്ച് അറിഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയ അക്രമണങ്ങള്‍ ബഹുസ്വര ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനമായ ഞായറാഴ്ച എ.ബി.വി.പി അദ്ദേഹത്തിന്റെ ചിത്രത്തിന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസില്‍ പ്രതിഷേധം ശക്തമായത്.
ഇടതുപക്ഷ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ശിവജി മഹാരാജിന്റെ ചിത്രം ചുമരില്‍ നിന്നും നീക്കം ചെയ്തെന്നും മാല നശിപ്പിച്ചെന്നുമാരോപിച്ച് എ.ബി.വി.പി രംഗത്തെത്തിയിരുന്നു. ശിവജിയുടെ ചിത്രം പ്രവര്‍ത്തകര്‍ വീണ്ടും പതിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇടതുപക്ഷ സംഘടന വിദ്യാര്‍ത്ഥികള്‍ തങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നുമാണ് എ.ബി.വി.പിയുടെ വാദം.
അതേസമയം തമിഴ് വി?ദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ അപലപിച്ച് നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി നടത്തിയ ആക്രമണം ഭീരുത്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സര്‍വ്വകലാശാലകള്‍ പഠിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള ഇടങ്ങളാണെന്ന് അദ്ദേഹം ട്വീറ്ററില്‍ പറഞ്ഞു. ജെ.എന്‍.യുവില്‍ എ.ബി.വി.പി തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയത് ഭീരുത്വം നിറഞ്ഞ ആക്രമണവും പെരിയാര്‍, കാള്‍ മാര്‍ക്‌സ് തുടങ്ങിയ നേതാക്കളുടെ ഛായാചിത്രങ്ങള്‍ നശിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Udayanidhi stalin says ABVP attack in JNU is an assault to pluralistic democracy