| Tuesday, 5th September 2023, 12:34 pm

'എന്റെ തലയ്ക്ക് 10 രൂപയുടെ ചീപ്പ് മതി,' സന്ന്യാസിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തന്റെ തലയ്ക്ക് 10 കോടി വേണ്ടെന്നും 10 രൂപയുടെ ചീപ്പ് മതിയെന്നും നടനും തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം പരാമർശത്തിന് പിന്നാലെ അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ, ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ഹാസ്യരൂപേണയുള്ള പ്രതികരണം.

ചെന്നൈയിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തല മുണ്ഡനം ചെയ്യാൻ 10 കോടി രൂപ നൽകാമെന്ന് ഒരു സന്ന്യാസി പറഞ്ഞുവെന്നും എന്നാൽ തനിക്ക് മുടി ചീകാൻ 10 രൂപയുടെ ചീപ്പ് മതിയാകുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴിൽ ‘വെട്ടുക’ എന്ന വാക്കിന് മുടി ചീകുക എന്നും അർത്ഥമുണ്ട്.

താൻ ഭീഷണികൾ കേട്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഞങ്ങൾക്ക് പുതിയ കാര്യമല്ല. ഈ ഭീഷണികൾ കേട്ട് ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തല വെക്കാൻ പോലും തയ്യാറായ കലാകാരന്റെ ചെറുമകനാണ് ഞാൻ,’ ഡി.എം.കെ നേതാവായിരുന്ന എം. കരുണാനിധിയുടെ ചെറുമകനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സനാതന ധർമം പകർച്ചവ്യാധികളെ പോലെ തുടച്ചുനീക്കേണ്ടതാണ് എന്ന ഉദയനിധിയുടെ പരാമർശത്തിന് പിന്നാലെ ബി.ജെ.പിയിൽ നിന്നും ഹൈന്ദവ സംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സന്ന്യാസിയുടെ പ്രഖ്യാപനം. എന്നാൽ താൻ പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു എന്ന നിലപാടാണ് ഉദയനിധി സ്റ്റാലിന്റേത്.

സനാതന ധർമത്തെ തുടച്ചുനീക്കണമെന്ന തന്റെ പരാമർശത്തെ ബിജെ.പി നേതാക്കൾ വളച്ചൊടിച്ച് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു എന്ന രീതിയിൽ വ്യാജ വാർത്ത സൃഷ്ടിക്കുന്നതിനെ അദ്ദേഹം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുക്ത ഭാരതത്തെ കുറിച്ച് സംസാരിക്കുന്നു, ഇതിനർത്ഥം കോൺഗ്രസ് പ്രവർത്തകരെ കൊല്ലുമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

പെരിയാറിന്റെ യുക്തിവാദ തത്വങ്ങൾ പിന്തുടർന്ന് സ്ഥാപിതമായ ഡി.എം.കെ പതിറ്റാണ്ടുകളായി സനാതന ധർമത്തെ എതിർത്തുവരുന്നു. തലമുറകളായി, സനാതന ധർമം അനുഷ്ഠിക്കുന്നവർ ജാതീയതയുടെ പേരിൽ വലിയ വിഭാഗം ജനത്തെ അടിച്ചമർത്തുകയും തുല്യത, വിദ്യാഭ്യാസം, ആരാധനാലയങ്ങളിലെ പ്രവേശനം എന്നിവ നിഷേധിക്കുകയും ചെയ്യുന്നു എന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.

Content Highlight: 10-Rupee Comb Enough: Udayanidhi Stalin On Alleged 10-Crore Bounty On Head

We use cookies to give you the best possible experience. Learn more