തുടക്കം മുതൽ താൻ കോമഡി ചിത്രങ്ങൾ ചെയ്തതുകൊണ്ട് പൊളിറ്റിക്കൽ ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് ഉദയനിധി സ്റ്റാലിൻ. കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്നതുകൊണ്ട് പ്രേക്ഷകർ വീണ്ടും അത്തരം ചിത്രങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നും പിന്നീട് സാമൂഹിക പ്രതിബദ്ധതയുള്ളതും തനിക്ക് വെല്ലുവിളിയായിട്ടുള്ളതുമായ ചിത്രങ്ങൾ ചെയ്യണമെന്ന് തോന്നിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മാസ് സീനിൽ പൊളിറ്റിക്കൽ ഡയലോഗൊക്കെ പറയേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. കാരണം അതിന് മുൻപ് ഞാൻ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളൊക്കെ കോമഡി ചിത്രങ്ങളാണ്. ‘ഒരു കൽ ഒരു കണ്ണാടി’ എന്ന ചിത്രത്തിൽ തുടങ്ങി പിന്നെ അങ്ങോട്ട് എനിക്ക് കിട്ടിയ ചിത്രങ്ങളൊക്കെ കോമഡി സിനിമകളാണ്. പിന്നീട് അങ്ങോട്ട് പ്രേക്ഷകർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതൊക്കെ അത്തരത്തിലുള്ള ചിത്രങ്ങളാണ്. ഒരു നല്ല നാല് പാട്ട്, കോമഡി,കുത്ത് പാട്ട് ഇതൊക്കെയാകും ആളുകൾ ആഗ്രഹിക്കുന്നതെന്ന് കരുതി അത്തരം ചിത്രങ്ങൾ തന്നെ ചെയ്തുകൊണ്ടിരുന്നു, അതൊക്കെയാണ് കിട്ടിയിരുന്നതും.
പിന്നീട് ഞാൻ വിചാരിച്ചു കുറച്ച് സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യണമെന്ന്. എനിക്ക് വെല്ലുവിളിയായിട്ടുള്ളതുമായ ഒരു സ്ക്രിപ്റ്റ് തെരഞ്ഞെടുത്ത് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. ആ സമയത്താണ് ‘നെഞ്ച്ക്ക് നീതി’ എന്ന ചിത്രം വരുന്നത്. അതൊരു പൊളിറ്റിക്കൽ ചിത്രമാണ്, സാമൂഹ്യ നീതിയെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ആ ചിത്രത്തിൽ ഒരു പൊളിറ്റിക്കൽ പഞ്ച്ഡയലോഗുകളൊന്നും ഞാൻ പറയുന്നില്ല,’ ഉദയനിധി പറഞ്ഞു.
മാമന്നൻ ഒരു പൊളിറ്റിക്കൽ ചിത്രമാണെന്നും എന്നാൽ താൻ ചിത്രത്തിൽ എവിടെയും പൊളിറ്റിക്സ് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മാമന്നൻ ഒരു പൊളിറ്റിക്കൽ ചിത്രമാണ്. പക്ഷെ ഞാൻ ചിത്രത്തിൽ എവിടെയും രാഷ്ട്രീയം സംസാരിക്കുന്നില്ല. ചിത്രത്തിന്റെ കഥയും മറ്റ് കഥാപാത്രങ്ങളും നന്നായി രാഷ്ട്രീയം പറയുന്നു ചർച്ച ചെയ്യുന്നുമുണ്ട്,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Content Highlight : Udayanidhi Stalin on Politics in movie