| Tuesday, 5th September 2023, 12:41 pm

ഞാന്‍ വേണ്ടെന്ന് പറഞ്ഞ സിനിമയിലാണ് ശിവകാര്‍ത്തികേയന്‍ അഭിനയിച്ചത്; സൂപ്പര്‍ഹിറ്റ് ചിത്രത്തെ പറ്റി ഉദയനിധി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഡോണ്‍. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം കമിങ് ഓഫ് ഏജ് കോമഡി ഡ്രാമയായിരുന്നു. ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താനാണെന്ന് പറയുകയാണ് ഉദയനിധി സ്റ്റാലിന്‍.

താന്‍ അന്ന് ആ ചിത്രം ചെയ്യാതിരുന്നത് നന്നായെന്നും ശരിയായ ആള്‍ തന്നെയാണ് നായകനായതെന്നും ഉദയനിധി പറഞ്ഞു. ഡോണ്‍ സിനിമയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ച് ഉദയനിധി പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

‘ഞാന്‍ ഈ പടത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ എന്റെ സുഹൃത്ത് കണാന്‍ വന്നിരുന്നു. അവന്‍ ചോദിച്ചു നീ ഏതു പടത്തിന്റെ ലോഞ്ച് കഴിഞ്ഞാണ് വരുന്നത് എന്ന്. ശിവയുടെ ഡോണ്‍ എന്ന സിനിമയാണ്, സിബി ചക്രവര്‍ത്തി എന്നൊരു പുതിയ സംവിധായകനാണ്, ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു. പടം കണ്ടോ എന്ന് ചോദിച്ചപ്പോള്‍, കണ്ടു നല്ല പടമാണെന്ന് ഞാന്‍ പറഞ്ഞു.

ശിവ നിനക്കറിയാമോ ഇത് വേറൊരു നടന്‍ കേട്ടിട്ട് വേണ്ടാന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് ആണ്. അതിലാണ് നീ അഭിനയിച്ചത്. അത് ആരാണെന്ന് അറിയാമോ? ഞാനാണ് (ചിരി). ഞാന്‍ തന്നെ അത് മറന്നിരുന്നു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അതിലെ സ്‌കൂള്‍ പോര്‍ഷന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ടാണ് അതില്‍ നിന്നും ഒഴിവായത്. എന്തോ ഒരു ഭാഗ്യം അത് ഞാന്‍ ചെയ്യാത്തത്.

കറക്ടായി അത് ചെയ്യേണ്ട ആളിലേക്ക് തന്നെ ആ സിനിമയെത്തി. ഞാന്‍ ചെയ്യാത്തത് നല്ല കാര്യം. സ്‌കൂള്‍ പോര്‍ഷന്‍ ഒക്കെ ശിവ ചെയ്തതുപോലെ എനിക്ക് ചെയ്യാന്‍ കഴിയില്ല. ആ കഥാപാത്രം ആരുടെയടുത്താണോ എത്തേണ്ടത് അയാളുടെ അടുത്ത് തന്നെയാണ് എത്തിയത്,’ ഉദയനിധി പറഞ്ഞു.

പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഡോണില്‍ നായികയായത്. എസ്.ജെ. സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍.ജെ. വിജയ്, മുനീഷ്‌കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഭാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം.

Content Highlight: Udayanidhi Stalin is saying that he was supposed to be the hero in the film Don

We use cookies to give you the best possible experience. Learn more