| Wednesday, 6th September 2023, 1:27 pm

'പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി മുർമുവിനെ ക്ഷണിക്കാത്തതാണ് സനാതന വിവേചനത്തിന്റെ ഉദാഹരണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്‌ട്രപതി മുർമുവിനെ ഉദാഹരണമാക്കി വീണ്ടും സനാതന ധർമത്തിൽ തന്റെ നിലപാട് ഉറപ്പിക്കുകയാണ് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്ര സർക്കാർ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനമാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

നിലവിലുള്ള ഏതെങ്കിലും സാമൂഹിക വിവേചനത്തിന് ഉദാഹരണം പറയാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിൻ മുർമുവിനെ ഉദാഹരണമാക്കിയത്. സാമൂഹിക തിന്മകളുടെ ഉത്തരവാദിത്തം സനാതന ധർമത്തിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പ്രസിഡന്റുമാരെ സർക്കാർ തെരഞ്ഞെടുക്കുന്നത് വോട്ടിന് വേണ്ടി മാത്രമാണ് എന്നായിരുന്നു കോൺഗ്രസ് വിമർശനം. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുമില്ല.

തന്റെ പരാമർശങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് നിയമനടപടികളെയും നേരിടാൻ താൻ തയാറാണെന്ന് ഉദയനിധി സ്റ്റാലിൻ വീണ്ടും ആവർത്തിച്ചു. മുമ്പ് മഹാഭാരതവുമായി ബന്ധപ്പെട്ടും അദ്ദേഹം സനാതന വിവേചനത്തിന് ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു.
പെരുവിരൽ ചോദിക്കാതെ ഗുരുദക്ഷിണ തേടുന്ന അധ്യാപകരുമായുള്ള ബന്ധം ദ്രാവിഡ മുന്നേറ്റം എക്കാലവും തുടരുമെന്നാണ് അധ്യാപക ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള എക്‌സിലെ കുറിപ്പിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. എന്നാൽ ഉദയനിധി സ്റ്റാലിന്റെ വാദം തള്ളിക്കൊണ്ട് ബി.ജെ.പി രംഗത്ത് വന്നു.

ഉദയനിധി സ്റ്റാലിനെതിരെ നടപടികളെടുക്കാൻ അനുവാദം നൽകണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി തമിഴ്നാട് ഗവർണർക്ക് കത്തെഴുതി. അതേസമയം ഡി.എം.കെ നേതാവിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. മുൻ ജഡ്ജിമാരും സംഘപരിവാർ അനുകൂലികളായ മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ 250-ലധികം വ്യക്തികൾ ഉദയനിധി സ്റ്റാലിനെതിരെ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന് കത്തയച്ചു.

Content Highlight: Stalin Junior Defiant Over “Sanatana” Remark, Cites President, Mahabharata

We use cookies to give you the best possible experience. Learn more