മഴക്കെടുതിയില്‍ സഹായം ചോദിച്ചത് അമിത് ഷായുടെയും അച്ഛന്റേയും സ്വത്തില്‍ നിന്നല്ല; തമിഴ്നാടിന്റെ നികുതി വിഹിതത്തില്‍ നിന്ന്: ഉദയനിധി സ്റ്റാലിന്‍
national news
മഴക്കെടുതിയില്‍ സഹായം ചോദിച്ചത് അമിത് ഷായുടെയും അച്ഛന്റേയും സ്വത്തില്‍ നിന്നല്ല; തമിഴ്നാടിന്റെ നികുതി വിഹിതത്തില്‍ നിന്ന്: ഉദയനിധി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 3:47 pm

ചെന്നൈ: തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം ചോദിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അദ്ദേഹത്തിന്റെ അച്ഛന്റേയും സ്വത്തല്ല സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങള്‍ അടച്ച നികുതിയുടെ വിഹിതമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് ഉദയനിധി സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മര്യാദ കൈവിട്ടുകൊണ്ട് ആരെയും കുറിച്ച് സംസാരിച്ചിട്ടില്ലെന്നും വേണമെങ്കില്‍ താന്‍ എന്താണ് പറഞ്ഞതെന്ന് മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കാമെന്നും ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ കൃത്യമായി ഇടപെടലുകള്‍ നടത്താത്തതില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെയും ഉദയനിധി വിമര്‍ശനം ഉയര്‍ത്തി. ഗവര്‍ണറുടെയും സ്വത്തുക്കള്‍ സഹായത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മിഷോങ്ക് ചുഴലിക്കാറ്റില്‍ അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം പണമായി നേരിട്ട് നല്‍കാമെന്ന് ബാങ്ക് അക്കൗണ്ടില്‍ പണം ഇടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റേഷന്‍ കടകള്‍ മുഖേനെ 6000 രൂപ അര്‍ഹരായവരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോവാമെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥനത്ത് വ്യാപക മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Content Highlight: Udayanidhi Stalin criticizes Amit Shah and central government over Tamil Nadu rains