ആര്‍.ഡി.എക്‌സിന് അഭിനന്ദനങ്ങളുമായി നടനും തമിഴ്‌നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ്/ ആക്ഷന്‍ ചിത്രമാണ് ആര്‍.ഡി.എക്‌സെന്നും തിയേറ്ററില്‍ പോയി കണ്ട് ഈ ചിത്രത്തെ പിന്തുണക്കണമെന്നുമാണ് ഉദയനിധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഉദയനിധിക്ക് നന്ദി അറിയിച്ച് ആന്റണി വര്‍ഗീസ് പെപ്പെയും ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ആര്‍.ഡി.എക്‌സ്, മലയാളം സിനിമ, വൗ. ഇന്ത്യയിലെ ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ്/ ആക്ഷന്‍ ചിത്രം. ബിഗ് സ്‌ക്രീനില്‍ കാണൂ, ഈ സിനിമയെ സപ്പോര്‍ട്ട് ചെയ്യൂ. അഭിനന്ദനങ്ങള്‍ ആര്‍.ഡി.എക്‌സ് ടീം,’ ഉദയനിധി കുറിച്ചു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറഞ്ഞ ആര്‍.ഡി.എക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ കണ്ടവര്‍ പറഞ്ഞത്.
നാല് ദിവസം കൊണ്ട് തന്നെ ലോകമെമ്പാടും നിന്ന് തന്നെ 18 കോടിയോളം രൂപ ആര്‍.ഡി.എക്‌സ് സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയ എണ്ണം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഒരു സിനിമയെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇതെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
മറ്റ് ഓണ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ കളക്ഷനായി ലഭിച്ചതിനെ ശുഭസൂചനയായിട്ടാണ് ട്രാക്കര്‍മാര്‍ കാണുന്നത്.
ജനപ്രീതി കണക്കിലെടുത്ത് വലിയ തിയേറ്ററുകളും കൂടുതല്‍ സ്‌ക്രീനുകളും സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്സ് നിര്‍മിക്കുന്നത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Udayanidhi Stalin congratulates RDX