| Monday, 26th February 2024, 9:30 am

മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴിലും പ്രശംസ, അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കേരളത്തിന് പുറത്തും മികച്ച അഭിപ്രായമാണ് നേടുന്നത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 20 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. തമിഴ്‌നാട്ടില്‍ രണ്ടാം ദിനം മുതല്‍ കൂടുതല്‍ സ്‌ക്രീനില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മലയാളസിനിമയില്‍ പലരും സിനിമ കണ്ട് മികച്ച അഭിപ്രായമാണ്് പങ്കുവെച്ചത്. നടന്‍ ജയസൂര്യയും, സംവിധായകന്‍ ഷാജി കൈലാസും ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ഇപ്പോഴിതാ തമിഴ് നടനും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. തന്റെ എക്‌സ് പേജിലാണ് ഉദയനിധി സിനിമയെ പ്രശംസിച്ച പോസ്റ്റ് പങ്കുവെച്ചത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു, ഗംഭീരം… മിസ്സ് ചെയ്യരുത്, സിനിമയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍’ ഉദയനിധി പറഞ്ഞു.

സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവിസിനെയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഉദയനിധി പോസ്റ്റ് പങ്കുവെച്ചത്. അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു, പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Udayanidhi Stalin appreciates Manjummel Boys

We use cookies to give you the best possible experience. Learn more