പൊങ്കല്‍ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും സംവിധായകന്‍ മാരി സെല്‍വരാജും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
‘ധനുഷ് സാറും ജി.വി. പ്രകാശും കൂടെയുള്ള കില്ലര്‍ മില്ലര്‍ എന്‍ട്രി’ എന്നാണ് ചിത്രത്തിനെ മാരി സെല്‍വരാജ് വിശേഷിപ്പിച്ചത്.
‘ധനുഷ്, ശിവണ്ണ എന്നിവരുടെ അഭിനയ മികവ്, സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ സംവിധാനം, സഹോദരന്‍ ജി.വി. പ്രകാശിന്റെ സംഗീത വൈഭവം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിര്‍മാണം, നായിക പ്രിയങ്കാമോഹന്‍, സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബരായന്‍, തുടങ്ങിയവരുടെ ക്രാഫ്റ്റിങിനോട് ഞാന്‍ അഗാധമായ അഭിനന്ദനം അറിയിക്കുന്നു.
അസാധാരണമായ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമര്‍ത്ഥമായി നിര്‍മിച്ച ഈ ചിത്രം, അവകാശത്തിനായുള്ള അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ക്ഷേത്രപ്രവേശനത്തിനുള്ള പോരാട്ടത്തെ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നു,’ എന്നാണ് ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.
കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും നിരൂപക പ്രശംസകളുമാണ് ലഭിക്കുന്നത്. ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ അറുപത് ലക്ഷത്തില്‍പ്പരം ഗ്രോസ് കളക്ഷന്‍ ലഭിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിര്‍മിച്ച ഒരു വാര്‍ ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ്, ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണവും നാഗൂരാന്‍ രാമചന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി. ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ – പ്രതീഷ് ശേഖര്‍.
Content Highlight: Udayanidhi Stalin and Mari Selvaraj congratulate Captain Miller and Dhanush