| Friday, 1st September 2023, 9:42 am

ദ്രാവിഡര്‍ വിദ്യാഭ്യാസം ശ്രദ്ധിക്കുമ്പോള്‍ ആര്യന്‍മാര്‍ കക്കൂസ് നിറയുന്നത് കാണുന്നു; ദിനമലര്‍ വാര്‍ത്തക്കെതിരെ ഉദയനിധി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിദ്യാഭ്യാസം നിറയുന്നത് ശ്രദ്ധിക്കുന്നതാണ് ദ്രാവിഡ സംസ്‌കാരമെങ്കില്‍ ടോയ്‌ലറ്റുകള്‍ നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കലാണ് ആര്യന്‍മാരുടെ സംസ്‌കാരമെന്ന് തമിഴ്‌നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സ്‌കൂള്‍ ഭക്ഷണ പദ്ധതിയെ പരിഹസിച്ച് കൊണ്ടുള്ള തമിഴ് നാട്ടിലെ പ്രമുഖ സംഘപരിവാര്‍ അനുകൂല പത്രമായ ദിനമലര്‍ പത്രത്തിലെ വാര്‍ത്തക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ഉദയനിധി സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.

ദിനമലര്‍ വാര്‍ത്തക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി. ചന്ദ്രനിലേക്ക് ചാന്ദ്രയാന്‍ അയക്കുന്ന കാലത്ത് സനാതന ധര്‍മ്മക്കാര്‍ ഇത്തരത്തിലാണ് വാര്‍ത്ത നല്‍കിയതെങ്കില്‍ നൂറ് വര്‍ഷം മുമ്പ് എന്തായിരുന്നിരിക്കണം അവസ്ഥയെന്നാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ദിനമലരിനെതിരെ പ്രതിഷേധം അറിയിച്ചത്.

‘അധ്വാനിക്കാന്‍ ഒരു കൂട്ടര്‍ ഉണ്ടുകൊഴുക്കാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതിക്ക് വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന നിയമം തകര്‍ത്താണ് ദ്രാവിഡ ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ വിടുന്ന ഈ കാലത്ത് സനാതന ധര്‍മക്കാര്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയെങ്കില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ എന്തെല്ലാം ചെയ്തിട്ടുണ്ടാകണം. അന്ന് കീഴാളന്റെ നില എന്തായിരുന്നിരിക്കണം. വാര്‍ത്തയെ ശക്തമായി അപലപിക്കുന്നു,’ സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചാണ് വരുന്നതെന്നും പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയതിന്റെ ഭാഗമായി വീണ്ടും സ്‌കൂളില്‍ നിന്നുകൂടി പ്രഭാത ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു എന്നായിരുന്ന ദിനമലര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. ഇക്കാരണം കൊണ്ട് വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാതെ സ്‌കൂളുകളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചിയിലെ ഒരു സ്‌കൂളിലെ അധികൃതര്‍ രക്ഷിതാക്കള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തോടൊപ്പമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തമിഴ് നാട്ടിലെ പ്രമുഖ സംഘപരിവാര്‍ അനുകൂല പത്രമായ ദിനമലരിലെ വാര്‍ത്തക്കെതിരെ ഇതിനോടകം തന്നെ തമിഴ്‌നാട്ടിലാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ പത്രത്തിന്റെ ബാനറുകളും ബോര്‍ഡുകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഡി.എം.കെയോടൊപ്പം തന്നെ ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കുംഭകോണത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു.

CONTENT HIGHLIGHTS; Udayanidhi Stalin against Dinamalar news

We use cookies to give you the best possible experience. Learn more