നാഗര്‍കോവില്‍: കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാറിന്റെ ഭാര്യ മീര നടത്തി വന്നിരുന്ന സ്‌കൂള്‍ അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. നാഗര്‍കോവിലിനു സമീപ് ഇരുമ്പുകേഡിനടുത്ത് കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റി സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് എന്ന സ്ഥാപനമാണ് അക്രമത്തിനിരയായിരിക്കുന്നത്. ക്ലാസ് റൂമുകളും ലൈബ്രറികളും മതിലുകളും സ്‌കൂള്‍ വാനുമെല്ലാം പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്. എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ്സ് വരെ 210 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണിത്.
കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള സമരം അടിച്ചമര്‍ത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ അക്രമവുമെന്ന് പ്രദേശ വാസികള്‍ പറയുന്നു. ഇടിന്തകരൈയില്‍ ഉദയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ സ്‌കൂളിന് നേര്‍ക്ക് ആക്രമണമുണ്ടാകുമെന്ന് കരുതിയതായി ഉദയകുമാറിന്റെ ഭാര്യ മീരാ ഉദയകുമാര്‍ പറഞ്ഞു.
ഈ സ്ഥാപനത്തിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യം ആക്രമണം ഉണ്ടായപ്പോള്‍ ഞങ്ങളുടെ അപേക്ഷ പ്രകാരം രാത്രി കാവലിനായി ഒരു പോലീസുകാരനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം അര്‍ധ രാത്രി പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍ വന്നു. കൊളച്ചല്‍ തീരത്തിനടുത്ത് അഴീക്കലില്‍ അനധികൃത മണല്‍ കടത്ത് നടക്കുന്നുവെന്നും സ്‌കൂള്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് അങ്ങോട്ട് പോകുമെന്നും പറഞ്ഞു. മണല്‍ കടത്തോ മറ്റോ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ പോലീസ് തിരിച്ചെത്തി. എന്നാല്‍ രാത്രി രണ്ട് മണിയോട് കൂടി സ്‌കൂള്‍ സുരക്ഷയ്ക്ക് നിയോഗിച്ച പോലീസിനെ വീണ്ടും മറ്റൊരിടത്തേക്ക് പറഞ്ഞയച്ചു. അതുകൊണ്ട് പോലീസിന്റെ അറിവോട് കൂടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണ് സ്‌കൂളിനു നേര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു-മീര ഉദയകുമാര്‍ മാധ്യമങ്ങളോട് പറയുന്നു.
രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം തമിഴില്‍ തനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചതായി മീര പറഞ്ഞു.