സിനിമകളിലെ കോമഡിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സിനിമയിലെ ചിരിക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും ഗുരുവായൂരമ്പലനടയില്‍, ജയ ജയ ജയ ജയ ഹേ, പ്രേമലു തുടങ്ങിയ പടങ്ങളിലൊക്കെ സിറ്റുവേഷന്‍ കോമഡി നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഉദയകൃഷ്ണ പറയുന്നു.
സിനിമയില്‍ സംഭാഷണങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചുള്ള തമാശകള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ബോഡി ഷെയിമിങ്, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങളും നിറത്തിന്റെ പേരില്‍ കഥാപാത്രങ്ങളെ അധിക്ഷേപിക്കുന്നതും ഇപ്പോള്‍ ഇല്ലെന്ന് ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകള്‍ മുക്കാല്‍ പങ്കും പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും കുടുംബങ്ങളാണ് ഇവയുടെ പ്രധാന പ്രേക്ഷകര്‍ എന്നത് വലിയ വൈരുധ്യമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ഉദയകൃഷ്ണ.
‘ചിരിക്ക് വലിയ മാറ്റം വന്നിട്ടില്ല. ഗുരുവായൂരമ്പലനടയില്‍, ജയ ജയ ജയ ജയ ഹേ, പ്രേമലു തുടങ്ങിയ പടങ്ങളിലൊക്കെ സിറ്റുവേഷന്‍ കോമഡി വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ലാപ്സ്റ്റിക് കോമഡി മലയാളത്തില്‍ ഇപ്പോള്‍ കുറവാണ്. ഹരിഹരന്‍, പ്രിയദര്‍ശന്‍, ജോണി ആന്റണി, റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയവര്‍ക്ക് ശേഷം ആരും ആ മേഖലയില്‍ കൈവച്ചതായി കാണുന്നില്ല.
അത് എടുത്തു ഫലിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായത് കൊണ്ടാവാം. അതില്‍ കൈ വയ്ക്കാന്‍ പ്രാപ്തിയുള്ളവര്‍ വന്നാല്‍ കളക്ഷന്‍ തൂത്തുവാരുമെന്ന കാര്യം ഉറപ്പാണ്. കാരണം കുട്ടികളാണ് സിനിമയുടെ പ്രധാന പ്രേക്ഷകര്‍. അവര്‍ ചിരിക്കുന്നത് കണ്ടാല്‍ മുതിര്‍ന്നവരും ചിരിക്കും. എന്നാല്‍ സംഭാഷണങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമുണ്ടായി.
ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചുള്ള തമാശകള്‍ ഇപ്പോഴില്ല. അതുപോലെ ബോഡി ഷെയിമിങ്, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങളും.
നിറത്തിന്റെ പേരിലൊക്കെ കഥാപാത്രങ്ങളെ ആക്ഷേപിക്കുന്നത് ഇന്ന് ചിന്തിക്കാനാവില്ല. എന്നാല്‍, ഈ മാറ്റം ടെലിവിഷന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.
ചാനലുകളിലെ കോമഡി സ്‌കിറ്റുകള്‍ മുക്കാല്‍ പങ്കും പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്.
കുടുംബങ്ങളാണ് ഇവയുടെ പ്രധാന പ്രേക്ഷകര്‍ എന്നത് വലിയ വൈരുധ്യമായി തോന്നുന്നു,’ ഉദയകൃഷ്ണ പറയുന്നു.
Content Highlight: Udayakrishna says There are no double entendre jokes in movies anymore; Three-quarters of comedy skits on channels are politically incorrect