| Sunday, 24th March 2024, 10:47 am

മോദിയെ '28 പൈസ പ്രധാനമന്ത്രി'യെന്ന് പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ശനിയാഴ്ച ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തില്‍ വിമര്‍ശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്നും ആരോപിച്ചു.

രാമനാഥപുരത്തും തേനിയിലും വെവ്വേറെ റാലികളെ അഭിസംബോധന ചെയ്യവേ, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, ‘ഇനി, നമ്മള്‍ പ്രധാനമന്ത്രിയെ ’28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.’

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടരുന്ന ഉദയനിധി സ്റ്റാലിന്‍, തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) കൊണ്ടുവന്നതെന്ന് അഭിപ്രായപ്പെട്ടു. ഫണ്ട് വിഭജനം, വികസന പദ്ധതികള്‍, സംസ്ഥാനത്ത് നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തറക്കല്ലിടലിനപ്പുറത്തേക്ക് ഒന്നും നടക്കാത്തത് എന്തുകൊണ്ടാണെന്ന് മധുരൈ എയിംസിനെ സൂചിപ്പിച്ചുകൊണ്ടും ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു. പ്രതീകാത്മക പ്രതിഷേധത്തിനായി എയിംസില്‍ നിന്നുള്ള ഇഷ്ടിക കൊണ്ടുവന്നായിരുന്നു ഉദയനിധി സംസാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് മാത്രമാണ് പ്രധാനമന്ത്രി ഇപ്പോള്‍ തമിഴ്‌നാട്ടില്‍ അടിക്കടി വരുന്നതെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.

39 ലോക്‌സഭാ മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടില്‍ ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക, ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Content Highlight: Udayainidhi Stalin calls Modi 28 paise Prime Minister

We use cookies to give you the best possible experience. Learn more