തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നെന്ന് സ്ഥിരീകരിച്ച് മുന്‍ ഫോറന്‍സിക് ഡയറക്ടറുടെ നിര്‍ണായക മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരിയാണ് തിരുവനന്തപുരം സി.ബി.ഐയുടെ പ്രത്യേക കോടതിയെ അറിയിച്ചത്. ഉദയനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചിരുന്ന ജി.ഐ പെപ്പ് മറ്റൊരു സാക്ഷിയും തിരിച്ചറിഞ്ഞു.
2005 സപ്തംബര്‍ 27നാണ് മോഷണക്കുറ്റമാരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കാല്‍വെള്ളയില്‍ മുളവടി കൊണ്ട് തുടരെത്തുടരെ അടിച്ചും, തുടകളില്‍ ഇരുമ്പുവടി കൊണ്ട് ഉരുട്ടിയുണ്ടായതുമായ ക്ഷതമേറ്റാണ് ഉദയകുമാര്‍ മരിച്ചതെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് സംഭവം പുറത്ത് അറിഞ്ഞതോടെ പൊലീസിന്റെ ക്രൂരത വന്‍ ചര്‍ച്ചയായി.
2007ല്‍ തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്‌കുമാര്‍ നാടകീയമായി കൂറുമാറി. വിചാരണ അട്ടിമറിക്കപ്പെട്ടു. സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. ഇതോടെ ഉദയകുമാറിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പരസ്പര വിരുദ്ധമാണെന്നും പാളിച്ചകളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാനും അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് പൊലീസ് നല്‍കിയ കുറ്റപത്രത്തിനെതിരെ കേസിലെ പ്രതികളായ സാബു, അജിത് കുമാര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ നടപടികള്‍ പ്രതികള്‍ നീട്ടികൊണ്ടുപോകുകയാണെന്നും സംഭവം നടന്ന് 11 വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് പ്രതികളായ പോലീസുകാരില്‍നിന്ന് തുക ഈടാക്കണമെന്നും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഇവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യത്തില്‍നിന്ന് തുക ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.