Udan Poject
2018 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ്; ഉഡാന്‍ പദ്ധതിയില്‍ കേരളവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 28, 02:30 am
Thursday, 28th December 2017, 8:00 am

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ കേരളവും ഇടം നേടി. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കുകീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്ര വ്യോമയാനമന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു.

സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് “ഉഡാന്‍”. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 2018 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയില്‍ 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും. പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20 ശതമാനം വരെ സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്രസര്‍ക്കാരും പങ്കാളിത്തം നല്‍കും.

സംസ്ഥാന സര്‍ക്കാരിനായി സിവില്‍ ഏവിയേഷന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും കേന്ദ്രസര്‍ക്കാരിനായി സിവില്‍ ഏവിയേഷന്‍ ജോയന്റ് സെക്രട്ടറി ഉഷാ പാധിയും എയര്‍പോര്‍ട്ട് അതോറിറ്റിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗുരുപ്രസാദ് മൊഹപത്രയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന്‍ ചൗബേയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.