| Saturday, 14th May 2022, 6:59 pm

റിലീസിന് മുന്‍പേ റീമേക്കിനൊരുങ്ങി 'ഉടല്‍': ഹിന്ദി, തെലുങ്ക് ഭാഷകളിലെത്തുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉടല്‍’. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും കാരണം ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം മെയ് 20നാണ് തിയേറ്ററില്‍ എത്തുന്നത്.

പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്‍പേ ചിത്രം റീമേക്കിനൊരുങ്ങുകയാണ്. ഹിന്ദി, തെലുങ്ക് ഭാഷകളുടെ റീമേക്ക് ഒരുങ്ങുന്നതായാണ് കാന്‍ മീഡിയ വ്യക്തമാക്കുന്നത്. സംവിധായകനായ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

‘ഉടല്‍ സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തീരുമാനിച്ചിട്ടില്ല. ഹിന്ദിയിലെ പ്രമുഖ നടന്മാരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുക.

ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു റിലീസ് ചെയ്ത നിമിഷം മുതല്‍ ടീസര്‍ നേടിയത്.

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ഉടലില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മെയ് മാസം 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സഹനിര്‍മാതാക്കളായി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.പി.ആര്‍.ഓ ആതിര ദില്‍ജിത്ത്.

Content Highlight: ‘Udal’ movie to be remaked to bollywood-reports

We use cookies to give you the best possible experience. Learn more