| Friday, 20th May 2022, 2:14 pm

ഇന്ദ്രന്‍സിന്റെ പകര്‍ന്നാട്ടം; ഉടല്‍ അടിമുടി ത്രില്ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചലച്ചിത്രാനുഭവമാണ് ഉടല്‍. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉടല്‍ ചെറിയ പ്രമേയത്തെ വ്യത്യസ്തമായ ട്രീറ്റ്മെന്റുകൊണ്ട് ഉദ്വേഗജനകമാക്കുകയാണ്. പ്രണയവും പ്രതികാരവും നിസഹായതയുമൊക്കെ മാറി മാറി കഥാപാത്രങ്ങളില്‍ നിറയുന്നതിനാല്‍ ഇന്ദ്രന്‍സും ദുര്‍ഗാകൃഷ്ണയുമടക്കം അഭിനയിച്ചവരെല്ലാം മികച്ച പ്രകടനമാണ് സ്‌ക്രീനില്‍ കാഴ്ചവെക്കുന്നത്.

ഒരു മലയോര ഗ്രാമത്തിലെ ഇടത്തരം കുടുംബവും അതുമായി ബന്ധപ്പെട്ട കുറച്ച് മനുഷ്യരുമാണ് ഉടലിന്റെ പ്രമേയം. നാട്ടിന്‍പുറത്തിന്റെ സ്വാഭാവികമായ കാഴ്ചകളില്‍ നിന്ന് സിനിമ ഒരു ഘട്ടം കഴിയുമ്പോള്‍ വഴി തിരിയും. പിന്നെ അവിടുള്ള മനുഷ്യര്‍ പ്രതികാര ദാഹികളായ വേട്ടക്കാരാകും. മറ്റൊരു തിരിവില്‍ വേട്ടക്കാര്‍ ഇരകളായി മാറും. സ്വന്തം ജീവന് വേണ്ടി അവസാന ശ്വാസത്തില്‍ നിന്ന് പിടഞ്ഞെണീറ്റ് വന്ന് പോരടിക്കും.

ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കുട്ടിച്ചായന്‍ എന്ന കഥാപാത്രമാണ് സിനിമയില്‍ നെടുനായകത്തം വഹിക്കുന്നത്. ഒരു കണ്ണിന് കാഴ്ചയില്ലാത്ത കുട്ടിച്ചായന് ഇരുട്ടിലും തന്റെ വീട് ഹൃദിസ്ഥമാണ്. അയാളുടെ നോക്കിലും നടപ്പിലുമെല്ലാം കാഴ്ചാ വൈകല്യം നമ്മള്‍ അനുഭവിക്കും. കുട്ടിച്ചായനായി ഇന്ദ്രന്‍സ് നടത്തിയത് ഒരു പകര്‍ന്നാട്ടം തന്നെയാണ്. സമീപകാലത്ത് ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ തെളിഞ്ഞ് നില്‍ക്കുന്ന ഒന്നാണ് കുട്ടിച്ചായന്റേത്.

കുട്ടിച്ചായന്റെ മരുമകളാണ് ദുര്‍ഗാ കൃഷ്ണ അവതരിപ്പിക്കുന്ന ഷൈനി. രഹസ്യ ബന്ധങ്ങള്‍ സൂക്ഷിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ യുവതി. ദുര്‍ഗാ കൃഷണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് നിസംശയം പറയാവുന്ന പ്രകടനമാണ് ഉടലില്‍ അവര്‍ നടത്തിയിട്ടുള്ളത്. കഥയുടെ ചടുലതക്കൊപ്പം തെളിഞ്ഞ് നിന്ന അഭിനയ മികവ്. നിസഹായ ആയ ഇരയായും മറ്റൊരു ഘട്ടത്തില്‍ രൗദ്രം ഉടലില്‍ ആവാഹിച്ച പ്രതികാര ദാഹിയായും ദുര്‍ഗാ കൃഷ്ണ അഭിനയിച്ച് തകര്‍ത്തു.

ചെറിയ പ്രമേയത്തെ ട്രീറ്റ്മെന്റിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ അവിസ്മരണീയമായ അഭിനയം കൊണ്ടും മികച്ചൊരു ചലച്ചിത്രാനുഭവമാക്കാന്‍ നവാഗത സംവിധായകനായ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ തിരക്കഥയും മുന്‍ മാധ്യമ പ്രവര്‍ത്തകനായ രതീഷിന്റേതാണ്. മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാന്‍സിസിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ട സംഗതികളാണ്. ചിത്രത്തെ അടിമുടി ത്രില്ലറായി നിര്‍ത്താന്‍ ഇരുവരുടേയും പ്രകടനം സഹായിച്ചിട്ടുണ്ട്. നിഷാദ് യൂസഫിന്റെ എഡിറ്റിംഗും മികച്ചത് തന്നെ.

Content Highlight: udal movie review starring indrans, durga krishna,and dhyan sreenivasan

We use cookies to give you the best possible experience. Learn more