Film News
ഉടൽ ഒ.ടി.ടി റിലീസ് ഡേറ്റ്; അപ്ഡേഷനുമായി നിർമാതാക്കൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 23, 08:18 am
Saturday, 23rd December 2023, 1:48 pm

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഉടൽ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ക്രിസ്തുമസ് കഴിഞ്ഞയുടൻ ഒ.ടി.ടി പ്രദർശനം ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തിയേറ്ററുകളിലാകെ ഭീതി പടർത്തിയ ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയേറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒ.ടി.ടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്ന ‘ഉടൽ’നെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റെക്കോഡ് തുകക്കാണ് സൈന പ്ലേ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തെ തുടർന്നാണ് ഒ.ടി.ടി റിലീസ് വൈകിയതെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. പ്രവീണും ബൈജു ഗോപാലനുമാണ് ‘ഉടൽ’ന്റെ സഹനിർമാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

കുട്ടിച്ചായനായ് ഇന്ദ്രൻസ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ കിരൺ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുർഗ കൃഷ്ണ വേഷമിട്ടു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് കൈകാര്യം ചെയ്തു. വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം.

Content Highlight: Udal movie OTT releasing date updation