Film News
ഡിസംബറിനല്ല, ജനുവരിയില്‍; ഉടല്‍ ഒ.ടി.ടി റിലീസ് ഡേറ്റും ട്രെയ്‌ലറും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 29, 12:10 pm
Friday, 29th December 2023, 5:40 pm

ഉടല്‍ സിനിയുടെ ഒ.ടി.ടി ട്രെയ്‌ലര്‍ പുറത്ത്. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ഉടല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ട്രെയ്‌ലറിനൊപ്പം ഒ.ടി.ടി റിലീസ് ഡേറ്റും പുറത്ത് വിട്ടിട്ടുണ്ട്. ജനുവരി അഞ്ചിനാണ് ചിത്രം സൈന പ്ലസില്‍ റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുന്നത്. ഉടല്‍ ഒ.ടി.ടിയില്‍ രിലീസ് ചെയ്യാന്‍ വൈകുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഒ.ടി.ടി റിലീസ് വൈകിയതെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

റിലീസ് സമയത്ത് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കുട്ടിച്ചായനായ് ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

രതീഷ് രഘുനന്ദനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയേറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്‌ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രവീണും ബൈജു ഗോപാലനുമാണ് ഉടലിന്റെ സഹനിര്‍മാതാക്കള്‍.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് കൈകാര്യം ചെയ്തു. വില്യം ഫ്രാന്‍സിസിന്റെതാണ് സംഗീതം.

Content Highlight: Udal movie ott release date trailer