ജയ്പൂര്‍: സഹപാഠിയുടെ കുത്തേറ്റ് മരിച്ച 15 വയസ്സുകാരന്റെ സംസ്‌കാരചടങ്ങുകള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ നടത്തി.
ആഗസ്ത് 16 നായിരുന്നു സ്‌കൂളില്‍ വെച്ച് കുട്ടികള്‍ തമ്മില്‍ അടിപിടിയുണ്ടാകുകയും 15 വയസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുട്ടി മരണപ്പെടുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടിയുടെ വീട് ബുള്‍ഡോസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് ഹിന്ദുത്വ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. വിഷയത്തിന് വര്‍ഗീയമാനം വന്നതോടെ കനത്ത പൊലീസ് സുരക്ഷ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുകയും ചെയ്തു.
പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ നിരവധി കാറുകള്‍ കത്തിക്കുകയും പ്രദേശത്ത് വലിയ സംഘര്‍ഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉദയ്പൂര്‍ ജില്ലാ ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തു.
”ഉദയ്പൂര്‍ നഗരം മുഴുവന്‍ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിനൊപ്പമാണ്. സര്‍ക്കാര്‍ എല്ലാം ചെയ്തു, പുറത്തുനിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിച്ചു. പക്ഷേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആ കുടുംബത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പൊതുജനങ്ങള്‍ സമാധാനം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ ഉദയ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞഉ.
കേസില്‍ വേഗത്തിലുള്ള വിചാരണ നടത്തുമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 51 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച, കനത്ത സുരക്ഷയിലാണ് കുട്ടിയുടെ സംസ്‌കാരം നടത്തിയത്. പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദയ്പൂരില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.
നേരത്തെ, പ്രതിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഉദയ്പൂര്‍ ജില്ലാ ഭരണകൂടം തകര്‍ത്തിരുന്നു. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് വീട് തകര്‍ത്തത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കുട്ടി ചെയ്ത കുറ്റത്തിന് തന്റെ വീട് ഭരണകൂടം തകര്‍ത്തെന്ന് പരാതിപ്പെട്ട് വീട്ടുടമ രംഗത്തെത്തുകയും ചെയ്തിരുന്നു.
കേസില്‍ ഉത്തര്‍പ്രദേശിന് സമാനമായി ബുള്‍ഡോസര്‍ നടപടിയെടുക്കണമെന്ന ഹിന്ദു സംഘടനകളുടേയും ബി.ജെ.പി നേതാക്കളുടേയും ആവശ്യത്തിന് പിന്നാലെയായായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കല്‍ നടത്തിയത്. വനഭൂമിയില്‍ അനധികൃതമായി വീട് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് വീട് പൊളിച്ചതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വാദം.
Content Highlight: Udaipur Stabbing Victim Boy Cremated Amid Tight Security, Administration Appeals for Peace