തീവ്രതയുള്ള ഒരു വിഷയത്തെ പതിവ് കാഴ്ചകളിലൂടെയും പതിവ് സംഭാഷണങ്ങളിലൂടെയും അവതരിപ്പിച്ച് പല ഉദാഹരണങ്ങളെയും ഓര്‍മ്മിപ്പിക്കാന്‍ സാധിച്ചു എന്നല്ലാതെ പുതിയ ഒരു ഉദാഹരണമായി മാറാന്‍ സുജാതക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.
ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆
ചിത്രം: ഉദാഹരണം സുജാത
സംവിധാനം : ഫാന്റം പ്രവീണ്‍
നിര്‍മ്മാണം : മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട്, ജോജു ജോര്‍ജ്
ഛായാഗ്രഹണം : മധു നീലകണ്ഠന്‍
അശ്വിനി അയ്യറിന്റെ “നില്‍ ബാറ്റി സന്നാറ്റ” ഹിന്ദിയിലും “അമ്മ കണക്കെ”ന്ന പേരില്‍ തമിഴിലും പ്രേക്ഷക ഹൃദയം കീഴടക്കിയപ്പോള്‍, ഫാന്റം പ്രവീണെന്ന സംവിധായകന്റെ കൈകളിലൂടെ മലയാളത്തിലെത്തിയ “ഉദാഹരണം സുജാത” പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചകളൊന്നും കരുതി വച്ചിരുന്നില്ല. ഉദാഹരണം തേടി തിയറ്ററിലെത്തിയ പ്രേക്ഷകരുടെ മുന്നിലേക്ക് അത്ര സുഖമുള്ള ഉദാഹരണങ്ങളൊന്നും നല്‍കാന്‍ പ്രവീണിനും സംഘത്തിനും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വസ്തുത.
വിഷയത്തിന്റെ തീവ്രതയായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ നില്‍ ബാറ്റി സന്നാറ്റയുടെയും അമ്മ കണക്കിന്റെയും പ്രത്യേകതയെങ്കില്‍ മലയാളി പ്രേക്ഷകര്‍ക്കിത് വൈകിയെത്തിയ അതിഥി മാത്രമാണ്. തന്റെ തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ തന്നെ അവതരിപ്പിച്ച വീട്ടമ്മ വേഷങ്ങളുടെ പുതിയ പതിപ്പായെ സുജാതയെ കാണാന്‍ കഴിയുകയുള്ളു.
ഹൗ ഓള്‍ഡ് ആര്‍ യു, സൈറബാനു തുടങ്ങിയ ചിത്രങ്ങളുടെ കൂടെചേര്‍ക്കാന്‍ കഴിയുന്ന കഥയും കഥാപാത്രങ്ങളുമാണ് ഉദാഹരണം സുജാതയെ മുന്നോട്ട് നയിക്കുന്നത്. അമ്മ കഥാപാത്രങ്ങളുടെ തീവ്രത മഞ്ജുവില്‍ പ്രകടമാണെങ്കിലും പതിവ് സംഭാഷണങ്ങളും കഥാ സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിലുടനീളം.
തിരുവനന്തപുരത്തെ ചെങ്കല്‍ ചൂള കോളനിയിലൂടെയും നഗരത്തിലെ തിരക്കുകള്‍ക്കൊപ്പവും സഞ്ചരിക്കുന്ന സിനിമ അധ്യായനവര്‍ഷം ആരംഭിക്കുന്ന ദിനത്തിലെ വീട്ടുകാഴ്ചകള്‍ക്കൊപ്പമാണ് ഉണരുന്നത്. പത്താംക്ലാസ്സുകാരിയായ മകളുടെ വിജയം മാത്രം സ്വപ്നം കണ്ട് വീട്ടുജോലിചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന മഞ്ജുവിന്റെ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
തമിഴില്‍ സമുദ്രക്കനി അവതരിപ്പിച്ച ഹെഡ്മാസ്റ്ററുടെ കഥാപാത്രം ജോജു ജോര്‍ജ്ജ് മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ജോജുവിനു പുറമെ തിരക്കഥാകൃത്തിന്റെ വേഷത്തിലെത്തുന്ന നെടുമുടിയും കലക്ടറായെത്തിയ മംമ്തയും തങ്ങളുടെ ഭാഗങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കം മുതല്‍ മികച്ച കാഴ്ചകള്‍ സമ്മാനിക്കുന്ന മധു നീലകണ്ഠന്റെ ക്യാമറ കണ്ണുകളും കഥയിലെ ആവര്‍ത്തന വിരസതയില്‍ മനംമടുക്കുന്ന പ്രേക്ഷകരെ സംഗീതംകൊണ്ട് പിടിച്ചിരുത്താന്‍ ശ്രമിച്ച ഗോപീ സുന്ദറും തങ്ങളുടെ ഭാഗം നന്നായി തന്നെ നിര്‍വഹിക്കുന്നുണ്ട്.
മഞ്ജുവിന്റെ സുജാതയോളം തന്നെ പ്രാധാന്യമുള്ള മകള്‍ ആതിരയുടെ കഥാപാത്രം അവതരിപ്പിച്ച അനശ്വര തന്റെ കഥാപാത്രത്തെ പൂര്‍ണ്ണ രീതിയില്‍ ഉള്‍ക്കൊണ്ട് തന്നെയാണ് അവതരിപ്പിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു വിലെ സുരക്ഷിതത്വം ഉള്ള വീട്ടില്‍ നിന്ന് കോളനിയിലെ വേലക്കാരിയുടെ ജീവിതത്തിലേക്ക് പറിച്ച് നടപ്പെട്ട കഥാപാത്രമായാണ് ചിത്രത്തിലുടനീളം മഞ്ജുവിനെ കാണപ്പെടുന്നത്.
കണക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലാത്ത, ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധികയായ മകളെ പഠനത്തില്‍ സഹായിക്കാന്‍ വീട്ടുവേലക്കാരിയുടെ തിരക്കിനിടയില്‍ നിന്ന് സ്‌കൂളില്‍ ചേരുന്ന സുജാതയും മകളും തമ്മിലുണ്ടാകുന്ന പിണക്കങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അമ്മയും ടീനേജുകാരിയായ മകളും തമ്മിലുണ്ടാകുന്ന പതിവ് സംഭാഷണങ്ങളും പഠനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും യാതൊരു പുതുമയും ഇല്ലാതെ സ്‌ക്രീനില്‍ എത്തിക്കുകയാണ് പ്രവീണ്‍ ചിത്രത്തിലൂടെ. ആദ്യ പകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ചിത്രം രണ്ടാം പകുതിയിലെ സ്‌കൂള്‍ കാഴ്ചകളിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
കഥ എവിടെ അവസാനിപ്പിക്കണം എന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ നായികയുടെ ആക്സിഡന്റ് സീനും അപകടം പറ്റി കിടക്കുന്ന അമ്മയെ മനസ്സിലാക്കാന്‍ സുഹൃത്തിന്റെ സഹായം വേണ്ടിവരുന്ന മകളുടെ അവസ്ഥയും പതിവ് മുഹൂര്‍ത്തങ്ങളും കണ്ട് മറന്ന ചിത്രങ്ങളുടെ ഓര്‍മ്മയിലേക്കാവും പ്രേക്ഷകരെ എത്തിക്കുക.
തീവ്രതയുള്ള ഒരു വിഷയത്തെ പതിവ് കാഴ്ചകളിലൂടെയും പതിവ് സംഭാഷണങ്ങളിലൂടെയും അവതരിപ്പിച്ച് പല ഉദാഹരണങ്ങളെയും ഓര്‍മ്മിപ്പിക്കാന്‍ സാധിച്ചു എന്നല്ലാതെ പുതിയ ഒരു ഉദാഹരണമായി മാറാന്‍ സുജാതക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.