| Thursday, 31st August 2023, 10:44 am

ഹാവൂ ആശ്വാസമായി... ഇത്തവണ നേരിട്ട് ബയേണിന്റെ മുമ്പില്‍ ചെന്ന് പെടില്ല; യൂറോപ്യന്‍ മാമാങ്കത്തിന് കൊടിയേറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 സീസണിനുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളെ ഇന്നറിയാം. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ കിരീടപ്പോരാട്ടത്തിന്റെ ആദ്യ പടിയാണ് ഓഗസ്റ്റ് 31ന് ഗ്രിമാല്‍ഡി ഫോറത്തില്‍ നടക്കുക.

ഗ്രൂപ്പ് ഡ്രോക്കുള്ള 32 ടീമുകളും നാല് പോട്ടുകളും ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു.

ഓരോ ലീഗിലെയും ഒന്നാം സ്ഥാനക്കാരും യൂറോപ്പ ടോപ് ടീമും ഉള്‍ക്കൊള്ളുന്ന പോട്ട് ഒന്ന് കണ്ടാണ് ബാഴ്‌സ ആരാധകര്‍ ദീര്‍ഘ നിശ്വാസം വിടുന്നത്. ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും ലാ ലിഗ ചാമ്പ്യന്‍മാരായ തങ്ങളും ഒരേ പോട്ടില്‍ വരുന്നതിനാല്‍ ഇരുവരും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അതിനാല്‍ തന്നെ ആദ്യ ഘട്ട മത്സരങ്ങളില്‍ ഇരുവര്‍ക്കും നേര്‍ക്കുനേര്‍ വരേണ്ടി വരില്ല.

2022 ഒക്ടോബര്‍ 22ന് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ക്യാമ്പ് നൗവില്‍ വെച്ചാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം.

ലീഗില്‍ ബയേണിന്റെ ഹോം സ്‌റ്റേഡിയമായ അലയന്‍സ് അരീനയില്‍ നടന്ന ഒന്നാം പാദ മത്സരത്തിലും ബാഴ്‌സക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അന്ന് ജര്‍മന്‍ ജയന്റ്‌സ് കറ്റാലന്‍മാരെ തകര്‍ത്തെറിഞ്ഞത്.

ഇതിന് മുമ്പും ബയേണ്‍ – ബാഴ്‌സ മത്സരങ്ങള്‍ ഒരിക്കലും സ്പാനിഷ് വമ്പന്‍മാരെ തുണച്ചിരുന്നില്ല. ബയേണിനോടെറ്റ 8-2ന്റെ തോല്‍വി എന്നും ബാഴ്‌സയുടെ പ്രോഗസ് കാര്‍ഡില്‍ ബ്ലാക്ക് മാര്‍ക്കായി അവശേഷിച്ചിരുന്നു.

13 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ പത്തിലും ബയേണ്‍ വിജയിച്ചപ്പോള്‍ രണ്ടേ രണ്ട് മത്സരത്തിലാണ് കറ്റാലന്‍മാര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഈ 13 മത്സരത്തില്‍ നിന്നുമായി ബയേണ്‍ 33 ഗോളടിച്ചപ്പോള്‍ 13 ഗോളായിരുന്നു ബാഴ്‌സക്ക് നേടാന്‍ സാധിച്ചത്.

ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ നേര്‍ക്കുനേര്‍ മുട്ടേണ്ടി വരില്ലെങ്കിലും നോക്ക് ഔട്ട് ഘട്ടത്തില്‍ ബയേണുമായി ബാഴ്‌സക്ക് മുട്ടേണ്ടി വന്നേക്കാം. അന്ന് കറ്റാലന്‍മാര്‍ പകരംവീട്ടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24

പോട്ട് 1

മാഞ്ചസ്റ്റര്‍ സിറ്റി
സെവിയ
ബാഴ്‌സലോണ
നാപ്പോളി
ബയേണ്‍ മ്യൂണിക്
പാരീസ് സെന്റ് ഷെര്‍മാങ്
ബെന്‍ഫിക്ക
ഫൈനോഡ്

പോട്ട് 2

റയല്‍ മാഡ്രിഡ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഇന്റര്‍ മിലാന്‍
ബൊറൂസിയ ഡോര്‍ട്മുണ്ട്
അത്‌ലറ്റിക്കോ മാഡ്രിഡ്
ആര്‍.ബി ലീപ്‌സീഗ്
പോര്‍ട്ടോ
ആഴ്‌സണല്‍

പോട്ട് 3

ഷാക്തര്‍ ഡോണ്‍നെറ്റ്‌സ്‌ക്
ആര്‍.ബി സാല്‍സ്‌ബെര്‍ഗ്
എ.സി മിലാന്‍
ബ്രാഗ
പി.എസ്.വി
ലാസിയോ
സര്‍വേന സ്വെസ്ദ
എഫ്.സി കോപ്പന്‍ഹേഗന്‍

പോട്ട് 4

യങ് ബോയ്‌സ്
റയല്‍ സോസിഡാഡ്
ഗളറ്റാസരേ
സെല്‍റ്റിക്
ന്യൂകാസില്‍ യുണൈറ്റഡ്
യൂണിയന്‍ ബെര്‍ലിന്‍
ആര്‍.സി ലെന്‍സ്
റോയല്‍ ആന്റ്വേര്‍പ്

Content highlight: UCL 2023-24 group draw

We use cookies to give you the best possible experience. Learn more