| Sunday, 26th May 2024, 4:48 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ്; അടുത്ത ടേമില്‍ നടപ്പാക്കും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്ന ഉടന്‍ തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കേണ്ട ആവശ്യകത ഉള്ളത് കൊണ്ട് തന്നെ മോദി സര്‍ക്കാര്‍ അടുത്ത ടേമില്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പരാമര്‍ശിച്ചത്.

വീണ്ടും അധികാരത്തിലെത്തിയാല്‍ സഖ്യകഷികളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

‘ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത് ഭരണഘടനാ നിര്‍മാതാക്കള്‍ പാര്‍ലമെന്റിനും രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ക്കും നല്‍കിയ ഉത്തരവാദിത്തമാണ്. ഭരണഘടനാ അസംബ്ലി നമുക്കായി ഉണ്ടാക്കിയ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡും ഉള്‍പ്പെടുന്നു.

ബി.ആര്‍ അംബേദ്കര്‍, കെ.എം മുന്‍ഷി, രാജേന്ദ്രബാബു തുടങ്ങിയ നിയമപണ്ഡിതന്മാര്‍ മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കരുതെന്ന് അക്കാലത്ത് പറഞ്ഞിരുന്നു. എന്നാല്‍ എത്രയും വേഗം അത് രാജ്യം മുഴുവന്‍ നടപ്പിലാക്കണം,’ അമിത് ഷാ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഒരു വലിയ സാമൂഹിക നിയമ മത പരിഷ്‌കരണമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. എല്ലാ കാലത്തും അത് ബി.ജെ.പിയുടെ അജണ്ടയിലുള്ള വിഷയമാണെന്നും അമിത് ഷാ പറഞ്ഞു.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ എന്ന വിഷയത്തില്‍, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

നിലവിലുള്ള ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍, ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെ സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളിലൊന്നായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: UCC, ‘One Nation, One Election’ to be implemented in next term: Amit Shah

We use cookies to give you the best possible experience. Learn more