പ്രളയം കേരള സംസ്ഥാനത്തിന് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചെറുതൊന്നുമല്ല. പലരും കെടുതികളില്‍ നിന്നും മോചിതരാവുന്നതേയുള്ളു. വീടുകളില്‍ അടിഞ്ഞ് കൂടിയ അഴുക്ക് നീക്കം ചെയ്തും, ഉണ്ടായ കേടുപാടുകള്‍ നീക്കം ചെയ്തും പൂര്‍വ്വകാല ജീവിതത്തിലേക്ക് മടങ്ങി പോവാനുള്ള ചെറുത്തു നില്‍പ്പ് ശ്രമങ്ങള്‍ നടന്ന് വരികയാണ്.
വിദ്യാഭ്യാസ മേഖലയാണ് പ്രളയം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന്. പാഠപുസ്തകങ്ങളും, തയ്യാറാക്കി വെച്ച് നോട്ടുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ അക്കാദമിക ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പരിശ്രമത്തിലാണ്. ഒട്ടും എളുപ്പവുമല്ലിത്.
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപുകളിലൊന്നായിരുന്നു ആലുവ യൂണിവേഴ്സിറ്റി ക്രിസ്റ്റ്യൻ കോളേജ്. കോളേജിലെ ഒരുപാട് വിദ്യാര്‍ത്ഥികളേയും അവരുടെ പാഠ്യ പാഠ്യേതര വിഷയങ്ങളേയും പ്രളയം കാര്യമായി ബാധിച്ചു. ഇവിടുത്തെ പലവിദ്യാര്‍ത്ഥികളും പ്രളയത്തിന്റെ നേരിട്ടുള്ള ഇരകളുമാണ്.
ഇതേതുടര്‍ന്ന് പരീക്ഷകളൊന്നും സെപ്റ്റംബര്‍ 15 വരെ നടത്തരുത് എന്ന് എം.ജി സര്‍വകലാശാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബാധിച്ച പ്രളയമോ, സര്‍വകലാശാലയുടെ ഉത്തരവോ സഭയുടെ കീഴിലുള്ള യു.സി കോളേജ് മുഖവിലയ്‌ക്കെടുക്കുന്നില്ല എന്ന പരാതി ഉയര്‍ത്തുകയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.
നാളെ മുതല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ പരീക്ഷയാണ്. ഇതിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഒപ്പ് ശേഖരണവും നടന്നെങ്കിലും കോളേജ് വിഷയം പരിഗണനക്കെടുക്കുന്നില്ല. പരാതിയുടെ ഒരു കോപ്പി ജില്ലാ കളക്ടർക്കും വിദ്യാർത്ഥികൾ സമർപ്പിച്ചിട്ടുണ്ട്.
ന്യൂനപക്ഷ പദവി ഉള്ളത് കൊണ്ട് കോളേജിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നടപടി എടുക്കാന്‍ അധികൃതര്‍ക്കും പരിമിതികളുണ്ട്.
“ഉത്തരവിന് വിരുദ്ധമായി കോളേജ് ഇന്റേണല്‍ പരീക്ഷ നടത്തുന്നതിനെതിരെ സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് നിലവില്‍ യു.സി കോളേജിന് പ്രിന്‍സിപ്പാള്‍ ഇല്ലാത്തത് കൊണ്ട് നിര്‍ദേശം നല്‍ കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന മറുപടിയാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഒപ്പ് ശേഖരണം നടത്തി കളക്ടര്‍ക്കും, സര്‍വകലാശാലയ്ക്കും സമര്‍പ്പിച്ചിട്ടുണ്ട്”. എസ്.എഫ്.ഐ നേതാവായ ഹരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മതിയായ യോഗ്യതകള്‍ ഇല്ലാത്തത് കൊണ്ട് നിലവിലെ പ്രിന്‍സിപ്പിള്‍ ഇന്‍ ചാര്‍ജ്ജ് ആയ താര കെ. സൈമണിന്റെ അപേക്ഷ നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ കോളേജ് തയ്യാറായിട്ടുമില്ല. അടുത്തിട്ടെ തന്റെ പ്രിന്‍സിപ്പാള്‍ പദവി സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച താര കെ.സൈമണിന്റെ ഹരജി തള്ളിയിരുന്നു.
നാളെ മുതല്‍ പരീക്ഷ ബഹിഷ്‌ക്കരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.