| Saturday, 7th December 2019, 11:41 am

ലൈംഗികാതിക്രമങ്ങളുടെ എണ്ണം വെളിപ്പെടുത്തി ഊബര്‍; 6,000 പേര്‍ ഇരയായെന്ന് കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഊബര്‍ ടാക്‌സികളില്‍ യാത്ര ചെയ്യവേ ലൈംഗികാക്രമണത്തിനിരയായത് 6,000 പേരെന്ന് സുരക്ഷാ റിപ്പോര്‍ട്ട്. ഊബര്‍ പുറത്തു വിട്ട 2017-18 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

വ്യാഴാഴ്ചയാണ് ഊബര്‍ ടാക്‌സി കമ്പനി അവരുടെ ആദ്യത്തെ സുരക്ഷാ കണക്കുകള്‍ പുറത്തു വിട്ടത്.

2017ല്‍ അമേരിക്കയില്‍ നടന്ന ഒരു ബില്ല്യണ്‍ വരുന്ന യാത്രകളിലായി 2,936 ലൈംഗികാക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ 3,045 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ആരോപണവിധേയരായവരില്‍ 45 ശതമാനം പേരും ഡ്രൈവര്‍മാരാണ്. ചില ആക്രണങ്ങള്‍ യാത്രക്കാര്‍ക്കിടയില്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017-18 വര്‍ഷത്തെ കണക്കനുസരിച്ച് മൊത്തം ലൈംഗികാക്രമണ കേസുകളില്‍ 464 കേസുകള്‍ ബലാത്സംഗങ്ങളാണ്.

92 ശതമാനം പേരും യാത്രക്കാരാണ്. അതില്‍ ഏഴു ശതമാനം മാത്രമേ ഇരയായ ഡ്രൈവര്‍മാര്‍ ഉള്ളു.

2017ല്‍ നിന്നും 2018 ലേക്ക് വന്നപ്പോള്‍ ശരാശരി ലൈംഗികാക്രമണ പരാതിയില്‍ 16 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് കാണിക്കുന്നു. എന്നിരുന്നാലും പല ലൈംഗികാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

‘ഇത്തരം സംഭവങ്ങളെല്ലാം എത്ര അപൂര്‍വമാണെന്ന് ചിലര്‍ പറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ചിലര്‍ കരുതുക ഇതൊക്കെ വളരെ സാധാരണമല്ലേ എന്നാവും. ചിലര്‍ ഞങ്ങള്‍ സുരക്ഷയ്ക്ക് വേണ്ടി ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്തല്ലോ എന്നാവും ചിന്തിക്കുക, എന്നാല്‍ കുറച്ചുകൂടി ചെയ്യാനുണ്ടെന്നായിരിക്കും മറ്റു ചിലര്‍ പറയുക,അവര്‍ എല്ലാവരും പറയുന്നതും ശരിയാണ്’- ഊബറിന്റെ സി.ഇ.ഒ ദാരാ ഖൊസ്‌റോഷാഹി പുതിയറിപ്പോര്‍ട്ട് പങ്കുവെക്കുന്നതിനൊപ്പം ട്വിറ്റ് ചെയ്തു.

ഊബറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 2017-2018,19 വര്‍ഷങ്ങളിലായി 19 പേര്‍ മരണപ്പെട്ടു. അതേ സമയം 107 മോട്ടോര്‍ വാഹന മരണങ്ങളും ഊബറുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പല കമ്പനികളും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടില്ല. എന്നാല്‍ ഞങ്ങള്‍ പറുത്തുവിടുകയാണ്. ഞങ്ങള്‍ പുതിയൊരു പരിശ്രമത്തിന് തയ്യാറെടുക്കുകയാണ്.ഇത്തരം രേഖകള്‍ ഇരുട്ടില്‍ മറച്ചുവെച്ചതു കൊണ്ട് ആരും സുരക്ഷിതരാവാന്‍ പോകുന്നുമില്ല’ -റിപ്പോര്‍ട്ടില്‍ പറയുന്നു.

84 പേജുകളുള്ള റിപ്പോര്‍ട്ടില്‍ സുരക്ഷാ കാര്യങ്ങളെ പറ്റി വിശദീകരിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍ ശരിയല്ലാത്തതു കാരണം ലണ്ടണില്‍ കഴിഞ്ഞയാഴ്ച ഊബറിന് ലൈസന്‍സ് നിഷേധിക്കുകയും ചെയ്തിരുന്നു.

ലൈംഗികാക്രമണങ്ങള്‍ തടയുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി പല സുരക്ഷാ ഗ്രൂപ്പുകളുമായും ചേര്‍ന്ന് ഊബര്‍ പരിശ്രമിച്ചിരിന്നു. കൂടുതല്‍ കര്‍ശനമായ പശ്ചാത്തല പരിശോധന, അപ്ലിക്കേഷനിലെ എമര്‍ജന്‍സി ബട്ടണ്‍, ഒരു യാത്രയ്ക്കിടെ ഒരു തകരാര്‍ അല്ലെങ്കില്‍ അപ്രതീക്ഷിത ലോംഗ് സ്റ്റോപ്പ് എന്നിവ കണ്ടെത്തിയാല്‍ ഉപഭോക്താക്കളുമായി സംവദിക്കാന്‍ കമ്പനിയെ സഹായിക്കുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടെ പുതിയ സുരക്ഷാ സവിശേഷതകളും ഊബര്‍ ചേര്‍ത്തിരുന്നു.

We use cookies to give you the best possible experience. Learn more