വാഷിങ്ടണ്‍: ടാക്‌സി സര്‍വീസ് സ്ഥാപനമായ യൂബര്‍ ടെക്‌നോളജീസിനെതിരെ കേസ് കൊടുത്ത് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികള്‍ യൂബറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട് എന്ന് ആരോപണമുയരുന്നതിനിടെയാണ് കേസ്.
യൂബറിന്റെ ‘വെയ്റ്റ് ടൈം ഫീസ്’ പോളിസിയെ ചോദ്യം ചെയ്താണ് കേസാണ്. സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ കോടതിയിലാണ് യൂബറിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ശാരീരിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന രാജ്യത്തെ ഫെഡറല്‍ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് കമ്പനിയോട് ഉത്തരവിടണമെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, അമേരിക്കയിലെ ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
2016ല്‍ യൂബര്‍ ‘വെയ്റ്റ് ടൈം ഫീസ്’ ഈടാക്കുന്ന പോളിസി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ ചില നഗരങ്ങളില്‍ മാത്രമായി ആരംഭിച്ച ഈ പോളിസി പിന്നീട് അമേരിക്ക ഒന്നാകെ വ്യാപിപ്പിക്കുകയായിരുന്നു.
ഈ പോളിസിയാണ് ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശങ്ങളെ ലംഘിക്കുന്നതെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. കണ്ണ് കാണാത്തവരും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുമായ ആളുകള്‍ക്ക് വാഹനത്തിന്റെ അടുത്തേക്ക് നടന്നെത്താന്‍ സമയമെടുക്കും.
ഈ സമയത്ത് വെയിറ്റിങ് ചാര്‍ജ് ഈടാക്കുന്നതായാണ് ആരോപണം. രാജ്യത്തെ ‘അമേരിക്കന്‍ വിത്ത് ഡിസബിലിറ്റീസ് ആക്ടി’ന് വിരുദ്ധമാണ് യൂബറിന്റെ ഈ നടപടിയെന്നും ഇവര്‍ പറയുന്നു.