| Monday, 6th April 2020, 11:52 pm

അവരിനി രണ്ടല്ല, ഒന്നാണ്; ഇന്ത്യയില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഉബറും ഫ്‌ളിപ്കാര്‍ട്ടും ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: ഇന്ത്യയിലെ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനായി ഓണ്‍ലൈന്‍ സ്ഥാപനങ്ങളായ ഉബറും ഫ്‌ളിപ്കാര്‍ട്ടും ഒന്നിക്കുന്നു. ബെംഗലൂരു, മുംബൈ, ദല്‍ഹി എന്നീ നഗരങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനാണ് ഓണ്‍ലൈന്‍ ടാക്‌സിയായ ഉബറും ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ക്കുന്നത്.

വിതരണ ശൃംഖലകളെ സജീവമാക്കി നിര്‍ത്താനും ഉപഭോക്താക്കള്‍ക്ക് അവശ്യ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കാനുമാണ് രണ്ട് കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഗ് ബാസ്‌കറ്റുമായും ഉബര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുന്ന തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാ ബദ്ധരാണെന്ന് ഉബര്‍ അധികൃതര്‍ അറിയിച്ചു. തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മാസ്‌കുകളും കൈയ്യുറകളും സാനിറ്റൈസറുകളും സുരക്ഷാ പരിശീലനവും നല്‍കുമെന്നും ഉബര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഓപ്പറേഷന്‍സ് മേധാവി പ്രഭീത് സിങ് ഉറപ്പുനല്‍കി.

വീട്ടിനുള്ളില്‍ കഴിയുന്ന തങ്ങളുടെ ഉപഭോക്താക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് ലഭിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അധികൃതരും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more