വാഷിങ്ടൺ: സൂം ആപ്പിലൂടെ 3700 ജീവനക്കാരെ പിരിച്ചുവിട്ട് ഊബർ. ആകെ വർക്ക്ഫോഴ്സിന്റെ 14 ശതമാനം ആളുകളെയാണ് ഊബർ പിരിച്ചുവിട്ടത്. ഊബറിന്റെ കസ്റ്റമർ സർവ്വീസ് ഹെഡ് റൂഫിൻ ചവേലുവാണ് വാർത്ത ജീവനക്കാരെ അറിയിച്ചത്.
മൂന്ന് മിനിറ്റു വീഡിയോ കോളിലൂടെയാണ് ഇന്ന് ഊബറിലെ നിങ്ങളുടെ അവസാനത്തെ ജോലി ദിവസമായിരിക്കുമെന്ന് കസ്റ്റമർ സർവ്വീസുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരോട് അവർ അറിയിച്ചത്.
“വാർത്ത കേൾക്കമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും സ്വാഭാവികമായും വിഷമം ഉണ്ടാകുമെന്നറിയാം. ആർക്കും ഇത്തരത്തിൽ ഒരു കോൾ വരുന്നതിൽ താത്പര്യം ഉണ്ടാകില്ല. പക്ഷേ ഞങ്ങളോട് എത്രയും പെട്ടെന്ന് ഈ വാർത്ത നിങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ സ്ഥിതിക്ക് അത് ചെയ്തേ മതിയാകൂ” എന്ന് ജീവനക്കാരോട് റൂഫിൻ പറഞ്ഞു.
ബിസിനസ് പകുതിയോളമായി ചുരുങ്ങിയെന്നും ഇത്രയധികം കസ്റ്റമർ സപ്പോർട്ട് ജീവനക്കാർക്ക് കൊടുക്കാൻ തൊഴിൽ ഇല്ലെന്നുമാണ് വിഷയത്തിൽ ഊബറിന്റെ വാദം.
മൂൻകൂട്ടി അറിയിപ്പുകളോ മെമ്മോയോ ഇല്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടിക്കെതിരെ നിരവധി ജീവനക്കാർ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
എന്നാൽ ഊബറിന്റെ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. കേവലം മൂന്ന് മിനിറ്റ് പോലും ഇല്ലാതെ ജീവനക്കാരെ പിരിച്ചു വിട്ട നടപടി ആ കമ്പനിയുടെ നിലവാരം വ്യക്തമാക്കുന്നതാണെന്ന് ദ ഫോബ്സ് മാഗസിനിൽ എഴുതിയ ലേഖനത്തിൽ ജാക്ക് കെല്ലി അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക