മുംബൈ: ആഗോള വ്യാപക ചെലവുചുരുക്കലിന്റെ ഭാഗമായി ഊബര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍. പത്തുമുതല്‍ പതിനഞ്ച് ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്.
ഊബര്‍ ഈറ്റ്‌സ് അടക്കമുള്ള ഊബറിന്‍ഡറെ ബിസിനസ് സംരംഭങ്ങളെ പിരിച്ചുവിടല്‍ ബാധിച്ചേക്കുമെന്നാണ് സൂചന. കമ്പനിക്ക് ഇന്ത്യയില്‍ 400 മുതല്‍ 350 വരെ തൊഴിലാളികളാണുള്ളത്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിലാളികളില്‍ 70 ശതമാനവും അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നുമാണ്.
ഊബര്‍ സി.ഇ.ഒ ദാര ഖൊസ്രോഷാഹി ഈ മാസമവസാനം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശത്തിന് പിരിച്ചുവിടലുമായി ബന്ധമില്ലെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് ശതമാനം മാത്രമാണ് ഊബറിന് ഇന്ത്യയില്‍നിന്നും ലഭിക്കുന്ന വരുമാനം. എന്നാല്‍, ചെലവ് ഇതിനേക്കാള്‍ ഉയര്‍ന്ന അവസ്ഥയിലും. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.
ഊബര്‍ നടത്തുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ പിരിച്ചുവിടലാണ് ഇത്. മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ് വിങിലെ ജീവനക്കാരെ ജൂലൈയില്‍ പിരിച്ചുവിട്ടതോടെയായിരുന്നു തുടക്കം.