ലണ്ടന്‍: പ്രൈവറ്റ് ടാക്‌സി ചെയിനായ യൂബര്‍ തങ്ങളുടെ ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
യു.കെ കോടതിയുടെ ഉത്തരവിലാണ് യൂബര്‍ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുന്ന പ്രഖ്യാപനം നടത്തിയത്.
തൊഴിലാളികള്‍ക്ക് ഹോളിഡേ പേയും, പെന്‍ഷനും നല്‍കുമെന്നും കമ്പനി അറിയിച്ചു. ഡ്രൈവര്‍മാര്‍ സ്വയം തൊഴിലാളികളാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ യൂബര്‍ ബ്രിട്ടീഷ് കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ നിലവില്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും മിനിമം വേതനവും ഉറപ്പാക്കുമെന്ന കമ്പനിയുടെ ഉത്തരവ് വലിയ നയം മാറ്റമാണ്.
ബുധനാഴ്ച മുതല്‍ യൂബറിലെ 70,000ത്തോളം ഡ്രൈവര്‍മാരെ കമ്പനി തങ്ങളുടെ ജീവനക്കാരായി പരിഗണിക്കും.
കഴിഞ്ഞമാസമാസം ബ്രിട്ടീഷ് കോടതി യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന എല്ലാ അവകാശങ്ങളും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.
തൊഴിലാളിവിരുദ്ധ നിലപാടില്‍ നിരവധി തവണ അന്തരാഷ്ട്ര തലത്തില്‍ വിമര്‍ശിക്കപ്പെട്ട കമ്പനി കൂടിയാണ് യൂബര്‍. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായാണ് ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്ക് കമ്പനിയായ യൂബര്‍ പ്രവര്‍ത്തിക്കുന്നത്.
ബ്രിട്ടനില്‍ മാത്രമാണ് നിലവില്‍ യൂബര്‍ മിനിമം വേതനമടക്കമുള്ള ഉത്തരവുകള്‍ നടപ്പിലാക്കുക.
യൂബര്‍ ഡ്രൈവര്‍മാരെ കമ്പനി തൊഴിലാളികളായി പരിഗണിക്കുമെങ്കിലും അവര്‍ക്ക് ലഭിക്കുന്ന ഫ്‌ളക്‌സിബിലിറ്റിയില്‍ മാറ്റമുണ്ടാകില്ല എന്നും കമ്പനി അറിയിച്ചു.
നിരവധി ഡ്രൈവര്‍മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കമ്പനി പുതിയ നയപ്രഖ്യാപനം നടത്തിയത്.