| Wednesday, 31st July 2019, 10:02 pm

''സൊമാറ്റോ' ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ'; അഹിന്ദു കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച സംഭവത്തില്‍ 'സൊമാറ്റോ'യ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് മറുപടി നല്‍കിയ സൊമാറ്റോയ്ക്ക് പിന്തുണയുമായി മറ്റൊരു ഫുഡ് ഡെലിവറി സ്ഥാപനമായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യ. ‘സൊമാറ്റോ, ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ’ എന്ന് ട്വീറ്റ് ചെയ്തായിരുന്നു ഊബര്‍ ഈറ്റ്‌സ് തങ്ങളുടെ പിന്തുണ അറിയിച്ചത്.

അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. തുടര്‍ന്ന് സൊമാറ്റോക്കെതിരെ ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

‘സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ.

എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി.

‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്.

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരക്കാരുടെ വര്‍ഗീയ നിലപാടിനെതിരെ പ്രതികരിച്ച സൊമാറ്റോയ്ക്ക് നന്ദി എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more